തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇളക്കിമറിച്ച നടൻ വിജയ്ക്ക് പിന്നാലെ സൂപ്പർസ്റ്റാർ രജനീകാന്തും നഗരത്തിൽ. ടി.കെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളിൽ അഭിനയിക്കുന്നതിനാണ് രജനീകാന്ത് തിരുവനന്തപുരത്ത് എത്തും. ഇന്ന് രാത്രിയോടെ രജനി തലസ്ഥാനത്ത് എത്തുമെന്നാണ് വിവരം.
നേരത്തെ ഇതേ സിനിമയുടെ ഒന്നാമത്തെ ഷെഡ്യൂൾ ഷൂട്ടിംഗിനായി രജനീകാന്ത് തിരുവനന്തപുരത്ത് കഴിഞ്ഞമാസം എത്തിയിരുന്നു. വേളി,ശംഖുമുഖം എന്നിവിടങ്ങളിലാണ് രജനിയുടെ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്. കാര്യവട്ടം ഗ്രീൻഫിൽഡ് സ്റ്റേഡിയത്തിലാണ് വിജയ് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്. വെങ്കട്ട് പ്രഭുവാണ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ഈ ചിത്രത്തിൻ്റെ സംവിധായകൻ. വൈഭവ് അടക്കം വേറെയും നിരവധി താരങ്ങൾ ഷൂട്ടിംഗിനായി ടീമിനൊപ്പം എത്തിയിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിൽ വിജയ് താമസിക്കുന്ന അതേ ഹോട്ടലിൽ തന്നെയാണ് രജനീകാന്തും തങ്ങുന്നത്. ഹോട്ടലിൽ വച്ച് ഇരുവരും കണ്ടുമുട്ടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിൽ കാര്യവട്ടം സ്റ്റേഡിയത്തിലും ഹോട്ടലിലും നിരവധി പേരാണ് വിജയെ കാണാനായി എത്തുന്നത്.