വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന് കുത്തേറ്റു. വണ്ടിപ്പെരിയാര്‍ ടൗണില്‍ വെച്ചാണ് കുത്തേറ്റത്. കേസില്‍ പ്രത്യേക പോക്സോ കോടതി വെറുതെ വിട്ട പ്രതി അര്‍ജുന്റെ ബന്ധുവാണ് പെണ്‍കുട്ടിയുടെ അച്ഛനെ കുത്തിയത്.
പശുമലമൂട് ജംങ്ഷനില്‍ വെച്ച് കുട്ടിയുടെ മുത്തച്ഛനും പിതാവും കൂടി മരണാനന്തര ചടങ്ങ് കഴിഞ്ഞ് വരുന്ന വഴിയാണ് കുത്തേറ്റത്. അര്‍ജുന്റെ അച്ഛന്റെ സഹോദരനായ ഷണ്മുഖനാണ് ആക്രമണം നടത്തിയത്. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ഷണ്മുഖന് കത്തി വീശുകയുമായിരുന്നെന്നാണ് വിവരം.
കുട്ടിയുടെ പിതാവിന് പരിക്ക് ഗുരതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതിയായിരുന്ന അര്‍ജുനെ തെളിവുകളുടെ അഭാവത്തിലാണ് കോടതി വെറുതെ വിട്ടത്.