ഡൽഹി: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ്സ് കാസർകോട് വരെ നീട്ടിയതായി റെയിൽവേമന്ത്രി അശ്വിനി വൈഷ്ണോവ് അറിയിച്ചു. ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവിൽ കണ്ണൂർ വരെയായിരുന്നു ട്രെയിൻ ട്രയൽ റൺ നടത്തിയത്. വന്ദേഭാരത് കാസർകോട് വരെ നീട്ടണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയർന്നിരുന്നു.
ഏപ്രിൽ 25 ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് വച്ച് വന്ദേഭാരത് എക്സ്പ്രസ്സിൻ്റെ കന്നിയോട്ടം ഫ്ലാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഈ മാസം 24,25 തീയതികളിൽ പ്രധാനമന്ത്രി കേരളത്തിലുണ്ടാവും. 25-ാം തീയതി വന്ദേഭാരത് കൂടാതെ വേറേയും ചില റെയിൽവേ വികസന പദ്ധതികൾ കൂടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി.
വന്ദേഭാരത് 130 കി.മീ വേഗത്തിലോടിയാൽ വോട്ട് ബിജെപിക്ക്: ഹരീഷ് പേരടി
വന്ദേഭാരത് എക്സ്പ്രസ്സിൻ്റെ ഉദ്ഘാടന ഷെഡ്യൂൾ തീരുമാനമായി; പ്രധാനമന്ത്രി തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്യും
ഏഴ് മണിക്കൂർ 10 മിനിറ്റിൽ കണ്ണൂരിൽ കുതിച്ചെത്തി വന്ദേഭാരത് എക്സ്പ്രസ്സ്: മാവേലിയുമായി മൂന്ന് മണിക്കൂർ വ്യത്യാസം
മണിക്കൂറിൽ 70 മുതൽ 110 കിലോ മീറ്റർ വരെ വേഗതയിലാണ് നിലവിൽ കേരളത്തിലൂടെ വന്ദേഭാരത് ട്രെയിൻ ഓടുന്നത്. പാളങ്ങൾ വളവ് നിവർത്തി ബലപ്പെടുത്താനുള്ള പദ്ധതി കേരളത്തിൽ നടപ്പാക്കി വരികയാണ്. ഫേസ് ഒന്ന് കേരളത്തിൽ ഒന്നര വർഷത്തിനകം പൂർത്തിയാക്കും. ഫേസ് രണ്ട് പൂർത്തിയാവുന്നതോടെ കേരളത്തിലൂടെ 130 കിലോമീറ്റർ വേഗത്തി. വരെ ട്രെയിനോടിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രാക്ക് പരിഷ്കാരം രണ്ട് മുതൽ മൂന്നര വർഷം കൊണ്ടു വരെ പൂർത്തിയാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ വളവുകൾ നിവർത്താൻ സ്ഥലമേറ്റെടുക്കേണ്ടതായിട്ടുണ്ടെന്നും ഇതിന് കൂടുതൽ സമയമെടുക്കുമെന്നും ഇതിനായുള്ള ഡിപിആർ തയ്യാറാക്കി വരികയാണെന്നും റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത് അടക്കമുള്ള പദ്ധതികൾ മോദി 25-ന് ഉദ്ഘാടനം ചെയ്യും. നിലവിൽ ഒരു വന്ദേഭാരത് മാത്രമാണ് കേരളത്തിന് അനുവദിച്ചെങ്കിലും ഭാവിയിൽ കൂടുതൽ സർവ്വീസുകൾ വരുമെന്നും അദ്ദേഹം അറിയിച്ചു.