വന്ദേ ഭാരത് കൊണ്ടുവന്നതിന്റെ ഉത്തരവാദിത്തം ബി.ജെ.പിക്കാണെങ്കില്‍ അത് വൈകിച്ചതിന്റെ കാരണവും അവര്‍ തന്നെയെന്ന് എം.പി എ എ റഹിം. കേരളം പോലെ യാത്രാ ദുരിതം അനുഭവിക്കുന്ന സ്ഥലത്ത് വന്ദേഭാരത് വൈകിപ്പിച്ചതിലുള്ള മറുപടിയാണ് കേന്ദ്രം പറയേണ്ടത് എന്നും റഹിം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന് വന്ദേ ഭാരത് അനുവദിച്ച നടപടി നേരത്തെ ആകാമായിരുന്നു. എന്തുകൊണ്ടാണ് കേന്ദ്രത്തിന്റെ പരിഗണനയില്‍ പോലും കേരളം വരാത്തത് എന്നും റഹിം ചോദിച്ചു.
‘ഇപ്പോള്‍ ഈ ബിജെപിയുടെ ആഘോഷവും ആര്‍പ്പുവിളിയും ഒരു കാര്യം വ്യക്തമാക്കുകയാണ്. വന്ദേ ഭാരത് കൊണ്ടുവന്നതിന്റെ ഉത്തരവാദിത്തം അവര്ക്കാണെങ്കില് വരാന്‍ വൈകിയതിന് കാരണവും അവര്‍ തന്നെ ആണല്ലോ. കേരളം പോലെ യാത്രാ ദുരിതം അനുഭവിക്കുന്ന സ്ഥലത്ത് വന്ദേഭാരത് വൈകിപ്പിച്ചതിനുള്ള മറുപടിയാണ് കേന്ദ്രം പറയേണ്ടത്. എന്തുകൊണ്ട് വൈകിപ്പിച്ചു എന്നാണ് കേരളീയരോട് പറയേണ്ട മറുപടി. ഓടാനുള്ള ട്രാക്കുള്ളതുകൊണ്ടാണല്ലോ വന്നത്. ഇത് നേരത്തെ ആകാമായിരുന്നു. മറ്റെല്ലാ സംസ്ഥാനങ്ങളിലും കൊടുത്തിട്ടുണ്ട്. കേരളം എന്തുകൊണ്ടാണ് നിങ്ങളുടെ പരിഗണനയ്ക്ക് പുറത്താകുന്നത്? കേരളത്തോട് മാത്രം എന്തിനാണ് ഇത്രയും ശത്രുതാമനോഭാവം,’ റഹിം ചോദിച്ചു.
ഇനിയും വന്ദേ ഭാരത് പോലുള്ള ട്രെയിനുകള്‍ കേരളത്തിന് ഉണ്ടാവണം. എന്തിനാണ് ഒരു വന്ദേഭാരതില്‍ ഒതുക്കി നിര്‍ത്തിയിരിക്കുന്നത്? കേരളത്തിനോട് എന്തിനാണ് വീണ്ടും അവഗണന? കൂടുതല്‍ തരൂ എന്നും റഹീം പറഞ്ഞു.
മറ്റു ട്രെയിനുകളും അനുവദിക്കൂ. കൂടുതല്‍ സ്റ്റോപ്പുകളെ സംബന്ധിച്ച്, പുതിയ ട്രെയിനുകളെ സംബന്ധിച്ച് എത്രയോ കാലമായി കേരളം ആവശ്യപ്പെടുന്നു. തിരുവനന്തപുരത്തിന്റെ റെയില്‍വേ വികസനത്തിന് നിര്‍ണായക പങ്ക് വഹിക്കുന്ന നേമം കോച്ച് ടെര്‍മിനലിന് അനുമതി നല്‍കിയിട്ട് കുറെ ആയില്ലേ. അതിനെക്കുറിച്ച് മിണ്ടുന്നില്ലല്ലോ. കടലോളം തരാനുള്ളപ്പോള്‍ കുറച്ചുമാത്രം തരുന്നതെന്തിനാണ്? ഒന്നിനെയും ചെറുതാക്കി കാണുന്നില്ല. പക്ഷെ കിട്ടാന്‍ ഒരുപാടുണ്ടെന്നും റഹിം പറഞ്ഞു.
അതേസമയം കെ-റെയിലിന് പകരമാകില്ല വന്ദേ ഭാരത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മുഖം തന്നെ മാറ്റുന്ന, കേരളത്തിന്റെ വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന ഒരു പുതിയ പദ്ധതിയാണ് സില്‍വര്‍ ലൈന്‍ അതും ഇതും തമ്മില്‍ താരതമ്യം ചെയ്യരുതെന്നും റഹീം പറഞ്ഞു.