ഓസ്കർ പുരസ്കാര വേദിയിൽ അവതാരികയായി എത്തിയ ബോളിവുഡ് താരം ദീപിക പദുക്കോണിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇന്ത്യയുടെ അഭിമാനമാണ് താരമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഓസ്കറിൽ അവതാരികയായി നിൽക്കുന്ന ദീപികയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ പോസ്റ്റ്. ചില വേദികളിൽ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാണ് എന്ന് ചിത്രത്തിന് താഴെ അദ്ദേഹം കുറിച്ചു.
എന്നാൽ ഇതിന് പിന്നാലെ നിരവധി പേർ മന്ത്രിയെ വിമർശിച്ചും ദീപികയെ പ്രശംസിച്ചും രംഗത്തെത്തി. കറുപ്പ് വസ്ത്രം ധരിച്ചു നിൽക്കുന്ന ദീപിക പിണറായിക്ക് നൽകുന്ന സന്ദേശമാണോ മന്ത്രി ഉദ്ദേശിച്ചത് എന്നാണ് ഒരാൾ ചിത്രത്തിന് താഴെ കമന്റ് ആയി നൽകിയത്. പിണറായിക്കെതിരായുള്ള വ്യത്യസ്തമായ പ്രതിഷേധം എന്നും ഒരു വ്യക്തി കമന്റിട്ടിട്ടുണ്ട് .
ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനം വേദിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഗാനത്തെ ദീപിക പരിചയപെടുത്തിയ രീതി നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. നാട്ടു നാട്ടു വിന് മികച്ച ഗാനത്തിനുള്ള ഓസ്കാർ പുരസ്കാരവും ലഭിച്ചു. ഓസ്കാര്‍ പുരസ്കാര നിശയില്‍ പതിനാറ് അവതാരകരായിരുന്നു ഉണ്ടായിരുന്നത്. അവരിലെ ഏക ഇന്ത്യന്‍ വ്യക്തിയായിരുന്നു ദീപിക പദുക്കോൺ. അതേസമയം ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സര വേദിയിൽ ലോകകപ്പ് കിരീടം അവതരിപ്പിച്ച് തിളങ്ങിയ താരം കൂടിയാണ് ദീപിക. ഓസ്കാറിലെ അവതാരിക കൂടിയ ആയതോടെ താരം വീണ്ടും ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.