ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിക്കുകയും പ്രേക്ഷക പ്രീതി പിടിച്ച് പറ്റുകയും ചെയ്ത ഇഷ്ട താരങ്ങളാണ് ജഗതി ശ്രീകുമാറും ഉർവ്വശിയും. ഇരുവരുടെയും ‘യോദ്ധ’ എന്ന സിനിമയിലെ അപ്പുക്കുട്ടനും ദമയന്തിയും എക്കാലത്തേയും മികച്ച കഥാപാത്രങ്ങളാണ്. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ അപകടം മൂലം ജഗതീ ശ്രീകുമാറിന് അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുക്കേണ്ടി വന്നു. ഇപ്പോഴിതാ ഇരുവരും വളരെ നാളുകൾക്ക് ശേഷം ഒരുമിച്ച് ഒരു വേദി പങ്കിട്ടിരിക്കുകയാണ്.
ഉർവ്വശി പ്രധാന കഥാപാത്രമായെത്തുന്ന ‘ചാൾസ് എന്റർപ്രൈസസ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിലാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. തിരുവനന്തപുരത്തെ ലുലുമാളിൽ വച്ചായിരുന്നു ഓഡിയോ ലോഞ്ച്. അതേസമയം ജഗതി ശ്രീകുമാറിനൊപ്പം ഒരുമിച്ച് ഒരു വേദി പങ്കിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഒരുപാട് സന്തോഷമുണ്ടെന്ന് ഉർവശി പറഞ്ഞു. കൂടാതെ വികാരധീനയാവുകയും യോദ്ധ സിനിമയുടെ ഭാഗമായുണ്ടായ രസകരമായ സംഭവങ്ങൾ നടി പങ്കുവയ്ക്കുകയും ചെയ്തു.
ഏറെ നാളുകൾക്ക് ശേഷം ഉർവ്വശി ഹാസ്യ പ്രാധാന്യമുള്ള കഥാപാത്രത്തെ മലയാളത്തിൽ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. കൂടാതെ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ചാൾസ് എന്റർപ്രൈസസ്’. ജോയ് മൂവീസിന്റെ ബാനറിൽ നവാഗതനായ ലളിത സുഭാഷ് സുബ്രമണ്യനാണ് ചാൾസ് എന്റർപ്രൈസസിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനുപ്രിയ, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുബ്രമണ്യൻ കെ വിയാണ് സംഗീതം. മോഹനൻ ചിറ്റൂർ ആലപിച്ച ‘തങ്കമയില് തങ്കമയില്’ എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനം ജോയ് മ്യൂസിക് യൂട്യൂബ് ചാനൽ വഴിയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത്. അന്‍വര്‍ അലി, ഇമ്പാച്ചി, സംഗീത ചേനംപുല്ലി, ലളിതാസുഭാഷ് സുബ്രഹ്മണ്യൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്.