ഏക സിവില്‍ കോഡ് എന്ന ആശയം ബുദ്ധിമുട്ടേറിയതും ഹിന്ദുത്വ രാഷ്ട്ര പദ്ധതിയുടെ ഭാഗമാണെന്നും നൊബേല്‍ ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാ സെന്‍. ഏക സിവില്‍ കോഡ് വിഡ്ഢിത്തമാണെന്നും അമര്‍ത്യാ സെന്‍ പറഞ്ഞു. ബംഗാളിലെ ശാന്തി നികേതനിലെ സ്വന്തം വസതിയില്‍ സ്ഥിതി ചെയ്യുന്ന വിശ്വഭാരതി സര്‍വകലാശാലയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങളായി ഏക സിവില്‍ കോഡ് ഇല്ലാതെയാണ് നമ്മള് ജീവിച്ചത്. ഇപ്പോള്‍ അത് വേണമെന്ന വിഡ്ഢിത്തം എവിടെ നിന്ന് വന്നു? ഭാവിയിലും ഇതില്ലാതെ തന്നെ നമുക്ക് ജീവിക്കാന്‍ ആകുമെന്ന് അമര്‍ത്യാസെന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം ഹിന്ദുരാഷ്ട്രപദ്ധതിയുടെ ഭാഗമാണ്. രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള വഴി ഹിന്ദുത്വം നോക്കിയാകരുത്. കുറച്ചുകൂടി വിശാലമായ കാഴ്ചപ്പോടോടെ ഈ വിഷയത്തെ നോക്കി കാണേണ്ടതുണ്ട്. ഹിന്ദുമതത്തെ ദുരുപയോഗം ചെയ്യാനുള്ള നീക്കം ഇവിടെ നടക്കുന്നുണ്ടെന്നും അമര്‍ത്യാസെന്‍ പറഞ്ഞു.
‘ഏക സിവില്‍ കോഡ് വളരെ ബുദ്ധിമുട്ടുള്ള ഒരു വിഷയമാണ്. നമുക്കിടയില്‍ ഒരുപാട് വ്യത്യസ്തതകളുണ്ട്. വ്യത്യസ്ത മതങ്ങളും നിയമങ്ങളും ആചാരങ്ങളുമുണ്ട്. നമുക്ക് ആ വ്യത്യസ്തതകളെ ഇല്ലാതാക്കുകയും ഒരുമിക്കുകയും വേണം. സിവില്‍ കോഡ് നടപ്പാക്കുന്നത് വൈകാന്‍ പാടില്ലെന്ന് ഒരു പത്രത്തില്‍ ഞാന്‍ വായിച്ചു. ഇത്തരം വിഡ്ഢിത്തങ്ങള്‍ ഒക്കെ എവിടെ നിന്നാണ് വരുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല,’ അമര്‍ത്യാ സെന്‍ പറഞ്ഞു.