ആംബുലൻസ് ഡ്രൈവർമാർ ആവശ്യപ്പെട്ടത് 8000 രൂപ.നിവൃത്തിയില്ലാതെ ബംഗാൾ സ്വദേശി അസിം ദേവശർമ കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി 200 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് ബസിൽ കൊണ്ട് പോകുകയായിരുന്നു. പശ്ചിമ ബംഗാളിലെ മുസ്തഫ നഗറിലാണ് സംഭവം. അസിം ദേവശർമയുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരണമടഞ്ഞത്.
രോഗം മൂർച്ഛിച്ച കുട്ടികളെ റായ്ഗഞ്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നിലമെച്ചപ്പെട്ട ഒരു കുട്ടിയുമായി ഇദ്ദേഹത്തിന്റെ ഭാര്യ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ഒരു കുട്ടിയുടെ നില ശനിയാഴ്ചയോടെ വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം വീട്ടിലെത്തിക്കാനായി ആംബുലൻസ് ഡ്രൈവർമാരെ സമീപിച്ചെങ്കിലും ഇവർ 8000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് മൃതദേഹം ബാഗിലാക്കി സഞ്ചരിക്കാൻ പിതാവ് തീരുമാനിച്ചത്. കുട്ടികളുടെ ചികിത്സയ്ക്കായി 16000 രൂപ ഇദ്ദേഹം ആശുപത്രിയിൽ ചെലവഴിച്ചിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിവിധ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. പശ്ചിമ ബംഗാളിലെ ആരോഗ്യ സേവനങ്ങളുടെ ശോച്യാവസ്ഥയ്ക്ക് കാരണം തൃണമൂൽ സർക്കാരാണെന്ന് ബിജെപി ആരോപിച്ചു.