ഖത്തറിലെ അൽ റയ്യാൻ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള ഉമ്മു അൽ സനീം പാർക്കിന് ഗിന്നസ് നേട്ടം. പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യം വയ്ക്കുന്നതിന്റെ ഭാഗമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ ശീതീകരിച്ച ജോഗിങ് ട്രാക്ക് എന്ന ഗിന്നസ് നേട്ടമാണ് ഉമ്മു അൽ സനീം പാർക്കിന് ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുള്ള ബിൻ അബ്ദുൾ അസീസ് ബിൻ തുർക്കി അൽ സുബൈർഇയാണ് പാർക്ക് പൊതുജങ്ങൾക്കായി തുറന്ന് കൊടുത്തത്.
1143 മീറ്ററാണ് ഈ ജോഗിംങ് ട്രാക്കിന്റെ നീളം. ഏത് കാലാവസ്ഥയിലും ജനങ്ങൾക്ക് സന്ദർശിക്കാനും വ്യായാമം ചെയ്യാനുമുള്ള സംവിധാനം ഇവിടെയുണ്ട്. കൂടാതെ അന്തരീക്ഷ താപനില 26 ഡിഗ്രിയായി നിലനിർത്താൻ കഴിയും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഔട്ട്ഡോർ എയർക്കണ്ടിഷൻഡ് പാർക്ക് എന്ന ബഹുമതി രണ്ടാഴ്ച മുൻപാണ് അധികൃതർ ഏറ്റുവാങ്ങിയത്.