റഷ്യ-യുക്രൈൻ യുദ്ധം ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയിട്ട് ഒന്പതു മാസത്തിലേറെയായി. 44 ദശലക്ഷം ജനസംഖ്യയുള്ള യുക്രൈനിന്റെ ദിവസങ്ങൾ കൊണ്ട് കീഴടക്കാമെന്നായിരുന്നു റഷ്യ കരുതിയിരുന്നത്. എന്നാൽ യുക്രൈൻ നടത്തിവരുന്ന ധീരമായ പ്രതിരോധത്തിനുമുന്നില് റഷ്യക്ക് അടിപതറി. ശേഷം റഷ്യ ആക്രമണം കടുപ്പിച്ചതോടെ യുദ്ധം കൂടുതൽ രക്തരൂക്ഷിതമാക്കുന്ന കാഴ്ച ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തി.
അതേസമയം യുദ്ധം തകർത്ത യുക്രൈനിൽ നിന്നും കലാസൃഷ്ടി കൊണ്ട് റഷ്യയ്ക്കെതിരെ പോരാടുകയാണ് 49 കാരനായ മൈക്കോള കോവലെങ്കോ എന്ന കലാകാരൻ. യുദ്ധവിരുദ്ധ പോസ്റ്ററുകൾ കൊണ്ട് പുടിനെ ചെറുക്കാൻ ശ്രമിക്കുകയാണ് ഇദ്ദേഹം. 2015 മുതൽ സ്ലോവാക്യയിൽ താമസിക്കുന്ന കോവലെങ്കോ യുദ്ധത്തിൽ റഷ്യക്കെതിരെ പേനയെ ആയുധമാക്കി. ലളിതമായ കലാസൃഷ്ടിയിലൂടെ വലിയ സന്ദേശങ്ങളാണ് ഈ ഗ്രാഫിക് ആർട്ടിസ്റ്റ് പങ്കുവയ്ക്കുന്നത്.
കഴിവ് ഉപയോഗിച്ച് ഇപ്പോഴുള്ള അവസ്ഥയിൽ മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. എന്റെ കലാഷ്നിക്കോവ് എന്റെ പേനയാണ് -മൈക്കോള കോവലെങ്കോ പറയുന്നു. അതേസമയം കോവലെങ്കോയുടെ അമ്മയും ഒരു സഹോദരിയും റഷ്യൻ അധിനിവേശത്തിൻ കീഴിലുള്ള തെക്കൻ യുക്രൈനിലെ സപ്പോരിജിയ മേഖലയിലുള്ള ഒരു ഭാഗത്താണ് ഇപ്പോൾ താമസിക്കുന്നത്. ആഴ്ചയിലൊരിക്കൽ ലഭിക്കുന്ന സന്ദേശത്തിലൂടെയാണ് അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അറിയുന്നതെന്നും മൈക്കോള കൂട്ടിച്ചേർത്തു.
മൈക്കോളയുടെ സുഹൃത്തുക്കളായ പലരും റഷ്യക്കാരോട് യുദ്ധം ചെയ്യുന്നുണ്ട്. അവരിൽ ചിലർ ഇതിനകം തന്നെ കൊല്ലപ്പെടുകയും ചെയ്തു – കോവാലെങ്കോ പറയുന്ന. യുദ്ധം വിതച്ച വിപത്തുകൾ പശ്ചാത്തലമാക്കിയാണ് അദ്ദേഹത്തിൻ്റെ കലാസൃഷ്ടികൾ. യുക്രൈനിലെ സാച്ചി ആൻഡ് സാച്ചി പരസ്യ ഏജൻസിയിൽ ഹെഡ് ഡിസൈനറായിരുന്നു കോവാലെങ്കോ. യുദ്ധത്തിൻ്റെ നേർക്കാഴ്ചകളെ തൻ്റെ പോസ്റ്ററിലൂടെ അദ്ദേഹം ലോകത്തിന് മനസിലാക്കി കൊടുക്കുകയാണ്. വിജയത്തിന് യുക്രൈൻ നൽകേണ്ട വിലയാണ് പോസ്റ്ററിലൂടെ പറയുന്നതെന്നും കോവലെങ്കോ വ്യക്തമാക്കി.