യുഎഇയുടെ ചാന്ദ്ര ദൗത്യ പേടകമായ റാഷിദ് റോവർ വഹിച്ചുള്ള ജാപ്പനീസ് ലാൻഡർ ‘ഹകുട്ടോ-ആർ മിഷൻ-1’ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ബഹിരാകാശ പേടകം സുരക്ഷിതമായി ചന്ദ്രനെ ചുറ്റുകയാണെന്ന് ഹകുട്ടോ-ആർ മിഷൻ 1 ലാൻഡർ നിർമ്മിച്ച ഐസ്പേസ് കമ്പനി അറിയിച്ചു. അടുത്ത മാസം അവസാനത്തോടെ ചന്ദ്രനിലെ അറ്റ്ലസ് ക്രേറ്റർ മേഖലയിൽ ഇറങ്ങാൻ ഐസ്പേസ് ശ്രമിക്കും. ലാൻഡിംഗ് തീയതിയും സമയവും സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ഐസ്പേസ് പ്രസ്താവനയിൽ വ്യക്തമാക്കി.
റാഷിദ് റോവർ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത് യുഎഇക്ക് അഭിമാനകരമായ നിമിഷമാണെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് പറഞ്ഞു. വെല്ലുവിളികൾ മറികടന്ന് അറബ് ലോകത്തെ ആദ്യ ചന്ദ്ര ദൗത്യ പേടകമായ റാഷിദ് റോവർ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചതോടെ അടുത്ത മാസം അവസാനത്തിൽ റോവർ ചന്ദ്രനിൽ എത്തിയേക്കും. ലാൻഡർ ചന്ദ്രന്റെ ഗുരുത്വാകർഷണ മേഖലയിൽ പ്രവേശിച്ച് ഭ്രമണം ചെയ്യാൻ തുടങ്ങിയത് നല്ല സൂചനയാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഡിസംബർ 11നാണ് യുഎസിലെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ജാപ്പനീസ് ലാൻഡർ പറന്നുയർന്നത്. ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം എന്നിവ പഠന വിധേയമാക്കും.
Mission Milestone 7 ✅!
We are excited to share that, on its 100th day in space, our HAKUTO-R Mission 1 lunar lander is now safely orbiting the Moon following a successful lunar orbit insertion maneuver! pic.twitter.com/GkRYciDbXF
— ispace (@ispace_inc) March 21, 2023
യു.എ.ഇയുടെ ഔദ്യോഗിക ബഹിരാകാശ ഏജൻസിയായ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ എൻജിനീയർമാരാണ് പേടകം നിർമിച്ചത്. നേരത്തെ പേടകത്തിൽ നിന്ന് ആദ്യ സന്ദേശം പുറത്തു വന്നിരുന്നു. ദുബായ് മുൻ ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സഈദ്അൽ മക്തൂമിന്റെ പേരാണ് പേടകത്തിന് നൽകിയിരിക്കുന്നത്.