യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യം ഈ മാസം 28നു വിക്ഷേപിക്കും. അമേരിക്കയിലെ ഫ്ളോറിഡ കേപ് കനാവറലിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍നിന്നു സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണു റാഷിദ് റോവറിന്റെ വിക്ഷേപണം.
റോവറിനെ, ജപ്പാന് കമ്പനിയായ ഐസ്പേസ് ഇങ്ക് വികസിപ്പിച്ചെടുത്ത മിഷന് 1 – ഹകുട്ടോ ആര് എന്ന ലാന്‍ഡര്‍ ഉപയോഗിച്ചാണു ചന്ദ്രോപരിതലത്തില്‍ ഇറക്കുക. ലാന്‍ഡിങ് മാര്‍ച്ചില്‍ സാധ്യമാവുമെന്നാണു മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിന്റെ (എം ബി ആര് എസ് സി) പ്രതീക്ഷ.
ചാന്ദ്രമധ്യരേഖയ്ക്ക് സമീപമായിരിക്കും റോവർ ഇറങ്ങുക. മുന്‍പ് പഠനവിധേയമായിട്ടില്ലാത്ത ചന്ദ്രോപരിതലങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും റാഷിദ് റോവർ പകർത്തുമെന്നാണ് വിലയിരുത്തല്‍. ചന്ദ്രനിലേക്കുള്ള യാത്രയ്ക്ക് ഏകദേശം മൂന്ന്-നാല് മാസമെടുക്കും.