ലഹരിമരുന്ന് നിർമാർജനത്തിന് പഞ്ചവത്സര പദ്ധതിക്ക് തുടക്കം കുറിച്ച് അറബ് ലോകം. ലഹരിമരുന്നിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങളിൽനിന്ന് അറബ് സമൂഹത്തെ രക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കരാറിലൂടെ വിവിധ രാജ്യങ്ങൾ വഴിയുള്ള ലഹരി കടത്ത് സംബന്ധിച്ച വിവരങ്ങൾ പരസ്പരം കൈമാറുകയും കുറ്റവാളികളെ പിടികൂടുന്നതിന് കൈകോർക്കുകയും ചെയ്യും.
പദ്ധതിക്കായി രൂപം നൽകിയ റീജിയണൽ ഫ്രെയിംവർക്ക് പ്രോഗ്രാമിൽ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗെയ്ത് ഒപ്പുവച്ചു. കരാർ പ്രകാരം ലഹരിക്കടത്ത് തടയുന്നതിന് അറബ് രാജ്യങ്ങൾ യോജിച്ചു പ്രവർത്തിക്കും. യുഎൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫിസുമായും സഹകരണമുണ്ടാകും.
അറബ് ലീഗും യുഎൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫിസും തമ്മിലുള്ള സഹകരണം സംബന്ധിച്ച മറ്റൊരു കരാറിലും അബുൽ ഗെയ്ത്തും വാലിയും ഒപ്പുവച്ചു. ഈജിപ്തിലെ യുഎഇ സ്ഥാനപതിയും അറബ് ലീഗിലെ യുഎഇയുടെ സ്ഥിരം പ്രതിനിധിയുമായ മറിയം അൽ കാബിയാണ് ചടങ്ങിൽ യുഎഇയെ പ്രതിനിധീകരിച്ചത്. ഖത്തർ സാമൂഹിക വികസന, കുടുംബ മന്ത്രിയും സാമൂഹിക കാര്യ അറബ് മന്ത്രിമാരുടെ കൗൺസിലിന്റെ നാൽപ്പത്തി രണ്ടാം സെഷൻ അധ്യക്ഷയുമായ മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നെദ്, ഐക്യരാഷ്ട്രസഭയുടെ അണ്ടർ സെക്രട്ടറി ജനറലും ഡ്രഗ്സ് ആൻഡ് ക്രൈം സംബന്ധിച്ച യുഎൻ ഓഫിസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗദാ വാലിയും ചടങ്ങിൽ പങ്കെടുത്തു.