യുഎഇയിൽ വിസിറ്റ് വിസയിലെത്തുന്ന വിനോദ സഞ്ചാരികൾ വിസ കാലാവധി കഴിഞ്ഞ് ഒരു ദിവസത്തേക്ക് പോലും തങ്ങരുതെന്ന് മുന്നറിയിപ്പ്.കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവരെ ബ്ലാക്ക്ലിസ്റ്റിൽപ്പെടുത്തുകയും ഒളിച്ചോടിയതിന് കുറ്റം ചുമത്തുകയും ചെയ്യുമെന്നും അധിക്യതർ മുന്നറിയിപ്പ് നൽകിയതായി ട്രാവൽ ഏജന്റുമാർ പറയുന്നു.
ഇത്തരക്കാരെ യുഎഇയിലും മറ്റ് ജിസിസി രാജ്യങ്ങളിലും പ്രവേശിക്കുന്നതിൽ നിന്ന് ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തും. വിസ കാലാവധി കഴിഞ്ഞ സന്ദർശകർ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്ത് എത്രയും വേഗം രാജ്യം വിടണമെന്നും ഏജന്റുമാർ അഭ്യർത്ഥിച്ചു. 30 അല്ലെങ്കിൽ 60 ദിവസത്തെ സന്ദർശന വിസയിൽ യുഎഇയിൽ പ്രവേശിക്കുന്ന സന്ദർശകർക്ക് ഏജന്റിന്റെ സ്പോൺസർഷിപ്പിന് കീഴിൽ വിസ ലഭിക്കും. സന്ദർശകർ ഈ വിസ കാലാവധി കഴിഞ്ഞും താമസിച്ചാൽ ഏജന്റിനെ ബാധിക്കും.
“ഞങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് ഇത്തരക്കാർ ഒളിവിലാണെന്ന് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്ന്,” ടൂറിസം ഏജന്റുമാർ പറയുന്നു. പോർട്ടലിൽ ഞങ്ങൾക്ക് ഒരു നിശ്ചിത എണ്ണം വിസ അപേക്ഷകൾ നൽകിയിട്ടുണ്ട്, ഒരു സന്ദർശകൻ അധികസമയം താമസിച്ചാൽ പുതിയ വിസകൾക്ക് അപേക്ഷിക്കാൻ കഴിയില്ല. ചില സമയങ്ങളിൽ ഞങ്ങളുടെ പോർട്ടലും ബ്ലോക്ക് ചെയ്യപ്പെടാമെന്നും ഏജന്റുമാർ വ്യക്തമാക്കി.