വിസയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘എ ഹോം ലാൻഡ് ഫോർ ഓൾ’ എന്ന പേരിൽ നടക്കുന്ന ക്യാമ്പയിനിൽ റെസിഡന്റ്, ടൂറിസ്റ്റ്, സന്ദർശക വിസയിലുള്ളവർക്ക് പ്രശ്നങ്ങൾ പരിഹരിക്കാം. ജി.ഡി.ആർ.എഫ്.എയുടെ സാമൂഹിക മാധ്യമ പേജുകളിലാണ് ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി 25 മുതൽ 27 വരെ ദേര സിറ്റി സെന്ററിലെ സ്റ്റാളിലാണ് (സെന്റർ പൊയന്റ് ഷോപ്പിന് സമീപം) ക്യാമ്പ് നടക്കുക. രാവിലെ 10 മുതൽ രാത്രി 10 വരെ ഇവിടെയെത്തി വിസ പ്രശ്നങ്ങൾക്ക് പരിഹാരം തേടാം. കൂടാതെ രേഖകളുടെ കാലാവധി കഴിഞ്ഞതിനെ തുടർന്നുള്ള പ്രശ്നങ്ങളും വിസ കാലാവധി കഴിഞ്ഞാൽ ലഭിക്കുന്ന പിഴ എന്നിവ സംബന്ധിച്ച കാര്യങ്ങളും ക്യാമ്പിൽ പരിഗണിക്കും.
അതേസമയം 10 വർഷം വരെ ഓവർസ്റ്റേ പിഴയുള്ളവർക്കും ക്യാമ്പിലൂടെ പരിഹാരമുണ്ടാക്കാം. വിസ കാലാവധി അവസാനിച്ചത് മൂലം വലിയ തുക പിഴയായി അടയ്ക്കേണ്ടിവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപകരിക്കപ്പെടുന്നതാണ് ക്യാമ്പ്. യുഎഇയിൽ അനുവദനീയമായ വിസ കാലയളവ് കവിഞ്ഞുള്ള ചെലവിന് പ്രതിദിനം 50 ദിർഹമാണ് സാധാരണ പിഴയായി ഈടാക്കുക. വിസ റദ്ദാക്കലുകൾക്കും ഇത് ബാധകമാണ്. അതേസമയം വലിയ പിഴകളും നിയമതടസ്സങ്ങളും ഒഴിവാക്കുന്നതിനായി ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജി.ഡി.ആർ.എഫ്.എ ക്ലയന്റ് ഹാപ്പിനസ് ഡിപാർട്ട്മെന്റ് ഡയറക്ടർ സാലിം ബിൻ അലി അറിയിച്ചു.