എമിറേറ്റിലെ ഹോഷി മേഖലയിലെ ഒരു റോഡ് ഇന്ന് മാർച്ച് 23 മുതൽ മാർച്ച് 28 വരെ ഭാഗികമായി അടച്ചിടുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ആർടിഎ) വ്യാഴാഴ്ച അറിയിച്ചു.
പാലത്തിൽ എക്സ്പാൻഷൻ ജോയിന്റുകൾ സ്ഥാപിക്കുന്നതിനാണ് താത്ക്കാലിക നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. റോഡ് ഭാഗികമായി അടയ്ക്കുന്നതു മൂലം വെയർഹൗസ് ലാൻഡുകളിൽ നിന്ന് ഹോഷി മേഖലയിലേക്ക് വരുന്നവരെയാണ് പ്രധാനമായും ബാധിക്കുകയെന്ന് അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ചയോടെ ഗതാഗതം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതോറിറ്റി വ്യക്തമാക്കി.
റമദാൻ മാസത്തിൽ പണമടച്ചുള്ള പാർക്കിംഗ് സമയം നീട്ടിയ കാര്യവും ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഓർമ്മിപ്പിച്ചു. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 8 മുതൽ അർദ്ധരാത്രി വരെ പാർക്കിംഗ് ഫീസ് ബാധകമാണ്. ചില പ്രത്യേക സ്ഥലങ്ങൾ ഒഴികെ വെള്ളിയാഴ്ചകളിൽ പാർക്കിംഗ് സൗജന്യമാണ്. അത്തരം പ്രദേശങ്ങളിൽ, പാർക്കിംഗ് ആഴ്ചയിലെ എല്ലാ ദിവസവും പണമടച്ചുള്ള സേവനമാണ്.