രാജ്യങ്ങളുടെ സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിനായി നിർണായക കരാറിൽ ഒപ്പുവെച്ച് ഖത്തർ. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ആസിയാനു’മായാണ് ഖത്തർ സഹകരണ കരാറിൽ ഒപ്പുവെച്ചത്. ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയാണ് സൗഹൃദ-സഹകരണ കരാറിൽ ഒപ്പുവെച്ചത്. കംബോഡിയയിലെ ഫനൊംപെനിൽ ആണ് 55ാമത് ആസിയൻ വിദേശകാര്യമന്ത്രിമാരുടെ ചടങ്ങ് നടന്നത്.
സിംഗപ്പൂർ, ഫിലിപ്പീൻസ്, തായ്ലൻഡ്, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ലാവോസ്, ബ്രുനെയ്, കമ്പോഡിയ, മ്യാന്മർ എന്നീ 10 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആസിയാൻ. ഈ രാജ്യങ്ങളുമായി ഖത്തറിൻറെ സൗഹൃദവും ബന്ധവും ശക്തിപ്പെടുത്തുന്നതിൽ കരാർ നിർണായകമാവും. ആസിയാൻ രാജ്യങ്ങളുമായുള്ള ഖത്തറിന്റെ വിവിധ മേഖലകളിലെ സഹകരണം ഏകീകരിക്കുന്നതിനും പ്രാദേശികവും അന്തർദേശീയവുമായ സമാധാനവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുമുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുകയും പ്രധാന ലക്ഷ്യമാണ്.
സന്ദർശനത്തിൻറെ ഭാഗമായി വിവിധ ആസിയാൻ അംഗരാജ്യങ്ങളുടെ തലവന്മാരുമായി വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി. കംബോഡിയ പ്രധാനമന്ത്രി ഹുൻ സെന്നുമായി നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ വിനോദസഞ്ചാര മേഖല വികസിപ്പിക്കുന്നതു സംബന്ധിച്ച് ചർച്ച നടത്തി. കൂടാതെ, കോവിഡ് കാലത്ത് നിലച്ച വിമാന സർവിസുകൾ പുനരാരംഭിക്കുന്നതും ചർച്ചചെയ്തു.