യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസെപ് ബോറെലിന്റെ വംശീയ പരാമർശം തള്ളി യുഎഇ. യൂറോപ്പിന് പുറത്തുള്ള ലോകത്തെ അക്രമാസക്തമായ “കാട്” എന്ന് ബോറെൽ വിശേഷിപ്പിച്ചതിനെതിരെയാണ് യുഎഇ ശബ്ദമുയർത്തിയത്. “യൂറോപ്പ് ഒരു പൂന്തോട്ടമാണ്, എന്നാൽ ലോകത്തിന്റെ ഭൂരിഭാഗവും ഒരു കാടാണ്, കാടുകൾക്ക് പൂന്തോട്ടത്തെ ആക്രമിക്കാൻ കഴിയും” എന്നായിരുന്നു ബോറെലിന്റെ പരാമർശം. ബെൽജിയത്തിലെ ബ്രൂഗസിൽ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ബോറെലിന്റെ പരാമർശങ്ങൾ അനുചിതവും വിവേചനപരവുമാണെന്ന് യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പറഞ്ഞു. മറ്റ് രാജ്യങ്ങളും ബോറെലിന്റെ പരാമർശത്തിനെതിരെ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
മറ്റ് മതങ്ങളോടും സംസ്കാരങ്ങളോടും വംശീയ വിഭാഗങ്ങളോടുമുള്ള ബഹുമാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബഹുസ്വരത, സഹവർത്തിത്വം, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങളെക്കുറിച്ചും എല്ലാവരും ബോധവാന്മാരാകുന്ന ഈ കാലത്ത് ബോറെലിന്റെ പരാമർശങ്ങൾ നിരാശാജനകമാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.