അപ്രതീക്ഷിത മഴ മൂലമുണ്ടായ പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് യു എ ഇ ഇന്ത്യൻ കോൺസുലേറ്റ് ക്യാമ്പ് ഒരുക്കുന്നു. പ്രളയ ബാധിത പ്രദേശങ്ങളിൽ ഞായറാഴ്ചകളിലായിരിക്കും ക്യാമ്പുകൾ നടക്കുക. ഇത്തരം ക്യാമ്പുകൾ വഴി പുതിയ പാസ്സ്പോർട്ടിന് അപേക്ഷിക്കാം.
പോലീസിന്റെ എഫ് ഐ ആർ കോപ്പി, ഇംഗ്ലീഷ് തർജമ ചെയ്ത മറ്റൊരു കോപ്പി, പാസ്സ്പോർട്ടിന്റെ കോപ്പി, ഫോട്ടോ എന്നിവയാണ് അപേക്ഷകർ കൊണ്ടുവരേണ്ടത്. കെ എം സി സി യും ഇന്ത്യൻ അസോസിയേഷനുകളും ഇന്ത്യൻ കോൺസുലേറ്റിലെത്തി ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് നടപടി. പലരുടെയും കയ്യിൽ പാസ്സ്പോർട്ടിന്റെ കോപ്പി പോലും ഇല്ലാത്ത അവസ്ഥയാണുള്ളത്.
ബി എൽ എസ് സെന്ററുകളുടെ നേതൃത്വത്തിലാണ് ക്യാമ്പുകൾ നടക്കുന്നത്. കൽബയിലും ഫുജൈറയിലും നടത്തിയ ക്യാമ്പുകൾ വഴി എകദേശം 80 ഓളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു. ഓഗസ്റ്റ് 28 വരെ മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളു.