യുഎഇയിലെ സമ്പദ് വ്യവസ്ഥയുടെ വികസനത്തിൽ സ്വകാര്യ മേഖലകളുടെ സഹകരണം വർദ്ധിപ്പിക്കാൻ പൊതു – സ്വകാര്യ മേഖലകളിലെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് പുതിയ നിയമങ്ങൾ കൂടി പ്രഖ്യാപിച്ചു. യു എ ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നേതൃത്വത്തിൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
വികസന, സാമൂഹിക, സാമ്പത്തിക പദ്ധതികളിൽ ഏർപ്പെടാൻ അവസരങ്ങൾ സൃഷ്ടിക്കുക, സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുക, പൊതുസേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലേക്ക് നയിക്കുന്ന പങ്കാളിത്തം വികസിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. സുരക്ഷയുടെ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനമാണ് യു എ ഇയ്ക്കുള്ളത്. ഈ ശൈത്യകാലത്ത് ടൂറിസം മേഖലയിൽ സുരക്ഷയോടുകൂടിയ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന് ഉറപ്പാണെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.