സുരക്ഷിതമായി സ്കൂൾ ബസുകൾ ഓടിക്കുന്ന ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും അബുദാബി പോലീസ് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. ട്രാഫിക് നിയമങ്ങളോടും ചട്ടങ്ങളോടും നീതി പുലർത്തുകയും പ്രതിബദ്ധതയുള്ളവരുമായ സ്കൂൾ ബസ് ഡ്രൈവർമാരും സൂപ്പർവൈസർമാരും അഭിനന്ദനമർഹിക്കുന്നുവെന്ന് അബുദാബി പോലീസിന്റെ ഹാപ്പിനസ് പട്രോൾ അറിയിച്ചു. എമിറേറ്റ്സ് ട്രാൻസ്പോർട് വകുപ്പുമായി സഹകരിച്ചാണ് അവരെ ആദരിച്ചത്.
സ്കൂൾ ബസ്സുകൾ ഓടിക്കുമ്പോൾ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. വിദ്യാർത്ഥികളുമായി യാത്ര ചെയ്യുമ്പോൾ വേഗപരിധിക്കുള്ളിൽ വാഹനമോടിക്കണമെന്നും ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദാഹി അൽ ഹാമിരി ആവശ്യപ്പെട്ടു. അശ്രദ്ധയോടുകൂടി വാഹനമോടിക്കുന്നവർക്കും യാത്രക്കാരെ അപകടത്തിലാക്കുന്നവർക്കും കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക എന്നും അദ്ദേഹം കൂട്ടി ചേർത്തു.
ബസിൽ നിന്ന് വീടിന് മുന്നിൽ ഇറങ്ങുന്ന കുട്ടികളെ രക്ഷിതാക്കളുടെ അടുത്ത് എത്തിക്കുന്നതിൽ ശ്രദ്ധ പുലർത്തണമെന്ന് സൂപ്പർവൈസർമാരോടും നിർദ്ദേശിച്ചിട്ടുണ്ട്. അതുപോലെതന്നെ കുട്ടികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും ബസുകളിൽ സ്റ്റോപ്പ് ബോർഡുകൾ വെക്കേണ്ടത് നിർബന്ധമാണ്. അല്ലാത്ത പക്ഷം 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും പിഴ ചുമത്തും. ബസ് ഓടിക്കുമ്പോൾ ഡ്രൈവർമാരും കുട്ടികളും സീറ്റ് ബെൽറ്റ് ധരിക്കുന്നതും ഉറപ്പ് വരുത്തണമെന്ന് ട്രാഫിക് പട്രോൾ അധികൃതർ അറിയിച്ചു.