ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ നടത്താനുള്ള തീയതി യു എ ഇ അധികൃതർ പ്രഖ്യാപിച്ചു. ഹജ്ജ് തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഫെബ്രുവരി 13 മുതൽ മാർച്ച് 10 വരെ രജിസ്റ്റർ ചെയ്യാം. ഹജ്ജ് നടത്തുന്ന തീർത്ഥാടകർ സർക്കാരിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് യു എ ഇ യുടെ ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ് (ഔഖാഫ്) അറിയിച്ചു.
വിശുദ്ധ യാത്ര നടത്താൻ ഉദ്ദേശിക്കുന്നവർ ‘ഹജ് രജിസ്ട്രേഷൻ’ ടാബിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് അവരുടെ എമിറേറ്റ്സ് ഐഡിയും മൊബൈൽ ഫോൺ നമ്പറും നൽകണം. കൂടാതെ ലോകമെമ്പാടുമുള്ള തീർഥാടകർക്ക് ഹജ് നിർവഹിക്കാനുള്ള അവസരം നൽകുന്നുവെന്ന് ഉറപ്പാക്കാൻ സൗദി അറേബ്യ രാജ്യങ്ങൾക്കുള്ള ക്വാട്ട വ്യക്തമാക്കുന്നുണ്ട്. അതേസമയം ക്വാട്ട പരിമിതമായതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും യു എ ഇ സർക്കാർ അറിയിച്ചു.
ഈ വർഷത്തെ ഹജ് തീർഥാടകരുടെ എണ്ണത്തിൽ രാജ്യം പരിധികൾ ഏർപ്പെടുത്തില്ലെന്ന് സൗദി മന്ത്രി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. വിശുദ്ധ സ്ഥലങ്ങളിൽ കോവിഡുമായി ബന്ധപ്പെട്ട മൂന്ന് വർഷത്തെ നിയന്ത്രണങ്ങളെ തുടർന്നായിരുന്നു ഇത്. പ്രായപരിധിയില്ലാതെ തീർഥാടകരുടെ എണ്ണം പകർച്ചവ്യാധിക്ക് മുമ്പുള്ളതിലേക്ക് മടങ്ങുമെന്നും ഹജ്ജ് -ഉംറ മന്ത്രി തൗഫീഖ് അൽ റാബിയ പറഞ്ഞു.
ഹജ് ഇസ്ലാമിന്റെ ഒരു സ്തംഭമാണ്, സാമ്പത്തിക ശേഷിയുള്ള എല്ലാ മുസ്ലിംകളും ഒരു തവണയെങ്കിലും അത് നിർവഹിക്കേണ്ടതുണ്ട്. ഈ വർഷം ജൂണിൽ ആയിരിക്കും തീർത്ഥാടനം നടക്കുക എന്നും മന്ത്രി കൂട്ടിച്ചേർത്തു. 2019-ൽ 2.5 ദശലക്ഷത്തിലധികം ആളുകൾ തീർത്ഥാടനം നടത്തിയിട്ടുണ്ട്. അതിനുശേഷമുള്ള മൂന്ന് വർഷം കോവിഡ് സുരക്ഷാ നടപടിയെന്ന നിലയിൽ എണ്ണം ഗണ്യമായി കുറച്ചു. കഴിഞ്ഞ വർഷം ഏകദേശം പത്തുലക്ഷത്തോളം തീർത്ഥാടകർ എത്തിയെത്താണ് കണക്ക്.