യുഎഇയിലെ മികച്ച ജോലിസ്ഥലങ്ങളുടെ പേരുകൾ പുറത്തുവിട്ട് ഗ്രേറ്റ് പ്ലേസ് ടു വർക്ക്. ജോലിസ്ഥലങ്ങളിൽ മികച്ച അന്തരീക്ഷവും മികച്ച പ്രകടനവും കാഴ്ചവയ്ക്കുന്ന കമ്പനികൾക്ക് അംഗീകാരം നൽകുന്ന ആഗോള അതോറിറ്റിയാണ് ഗ്രേറ്റ് പ്ലേസ് ടു വർക്ക്. ഗ്രേറ്റ് പ്ലേസ് ടു വർക്കിന്റെ 2023ലെ പട്ടികയിൽ യുഎഇയിലെ അഞ്ച് സർക്കാർ സ്ഥാപനങ്ങളും 25 വൻകിട സ്ഥാപനങ്ങളും 50 ചെറുകിട ഇടത്തരം സ്ഥാപനങ്ങളും ഇടം നേടി.
ഗ്രേറ്റ് പ്ലേസ് ടു വർക്ക് 1992 മുതലാണ് മികച്ച ജോലിസ്ഥലങ്ങൾ കണ്ടെത്താനായുള്ള സർവേ ആരംഭിച്ചത്. ലോകമെമ്പാടുമുള്ള 100 ദശലക്ഷത്തിൽപരം ജീവനക്കാരിൽ സർവേ നടത്തുകയും ജോലിസ്ഥലത്തെ മികച്ചതാക്കി മാറ്റുന്നതിനുള്ള മാനദണ്ഡങ്ങൾ രൂപികരിക്കുകയും ചെയ്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള ജീവനക്കാരും തൊഴിൽ ദാതാക്കളും അംഗീകരിച്ച ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫിക്കേഷൻ ജോലിസ്ഥലത്തെ സംസ്കാരം, ജീവനക്കാരുടെ അനുഭവം, മികച്ച നേതൃത്വം എന്നിവ കണ്ടെത്തുന്നതിനും അംഗീകരിക്കുന്നതിനുമുള്ള മാനദണ്ഡമായി കണക്കാക്കപ്പെടുന്നു.
ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി, ഷാർജ ഇലക്ട്രിസിറ്റി വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി, ഷാർജ സർക്കാർ – eGov വകുപ്പ്, അബുദാബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റി എന്നിവയാണ് പട്ടികയിൽ ഇടം നേടിയ മികച്ച 5 സർക്കാർ ജോലിസ്ഥലങ്ങൾ.