യുഎഇ യിലെ ഭരണാധികാരികളുടെ മുഖം പതിച്ച നാണയങ്ങൾ ദുബായ് പുറത്തിറക്കി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും മുഖ ചിത്രങ്ങൾ പതിച്ച സ്വർണം, വെള്ളി നാണയങ്ങളാണിത്. ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്ററും ചെക്ക് മിന്റുമായുള്ള പങ്കാളിത്തത്തിലാണ് നാണയങ്ങൾ പുറത്തിറക്കിയത്. ചെക് റിപ്പബ്ലിക്കിന്റെ സെൻട്രൽ ബാങ്കിലേക്കുള്ള കറൻസി നാണയങ്ങളുടെ ഔദ്യോഗിക വിതരണക്കാരാണ് ചെക്ക് മിന്റ്.
അതേസമയം കഴിഞ്ഞ 50 വർഷത്തിനിടയിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് നാണയങ്ങൾ പുറത്തിറക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ അബൂദാബിയിലെ സാദിയാത്ത് ദ്വീപിൽ സ്ഥിതിചെയ്യുന്ന ആർട്ട് മ്യൂസിയമായ ലൂവ്ർ അബൂദാബിയുടെ ചിത്രം പതിച്ച നാണയവും പുറത്തിറക്കിയിട്ടുണ്ട്. റമദാൻ മാസത്തിന് ശേഷമായിരിക്കും നാണയങ്ങൾ വിപണിയിൽ ലഭ്യമാവുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.