ദുബായ്: ബസ്മതി ഇതര അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതിന് പിന്നാലെ നാട്ടിൽ നിന്നും പ്രവാസികൾ മടങ്ങുന്നത് അരിയുമായി. മഴക്കെടുതി കാരണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നെൽകൃഷി വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അരിക്ഷാമത്തിനുള്ള സാധ്യത മുന്നിൽ കണ്ട് ഇന്ത്യ ബസുമതി ഇതര അരിയുടെ കയറ്റുമതി പൂർണമായി നിരോധിച്ചത്. അരിക്കായി ഇന്ത്യയെ ആശ്രയിക്കുന്ന യുഎഇയും ഇതേ തുടർന്ന് അരിയുടെ കയറ്റുമതി നിരോധിച്ചിരുന്നു.
ജൂലൈ 20 മുതലാണ് ബസ്മതി ഇതര അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചത്. ദിവസങ്ങൾക്കുള്ളിൽ യുഎഇയിൽ വിവിധ തരം ഇന്ത്യൻ അരിക്ക് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഇതോടെയാണ് വേനൽ അവധിക്ക് നാട്ടിൽ പോയ പ്രവാസികൾ ലഗേജ് നിറയെ അരിയുമായി വരാൻ തുടങ്ങിയത്. സാധാരണ നാട്ടിൽ പോയി മടങ്ങുമ്പോൾ അച്ചാറും പച്ചക്കറികളും പലഹാരങ്ങളും കൊണ്ടു വന്നവരെല്ലാം ഇപ്പോൾ അരിയിലാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. കൊണ്ടു വരുന്ന ലഗ്ഗേജിന് പരിധിയുണ്ടെങ്കിലും മറ്റു അവശ്യവസ്തുകൾ ഒഴിവാക്കി പലരും അഞ്ചും പത്തും കിലോ അരിയാണ് കടൽ കടത്തി കൊണ്ടു വരുന്നത്. യുഎഇയിൽ ഇപ്പോൾ ലഭ്യമായ അരിക്ക് വില കൂടുതലാണ് എന്നത് പരിഗണിക്കുമ്പോൾ അരിക്കടത്ത് മെച്ചമാണെന്നാണ് പലരും പറയുന്നത്. മഞ്ഞ അരി കിട്ടാതായതോടെ പലരും പാചകം ബസുമതി അരിയിലേക്ക് മാറ്റിയിട്ടുണ്ട്.
ജിസിസിയിലും യൂറോപ്പിലും അമേരിക്കയിലുമെല്ലാം പ്രവാസി ഇന്ത്യക്കാർ അരിക്കായി ഇപ്പോൾ നെട്ടോട്ടത്തിലാണ്. നിരോധന വാർത്ത പുറത്തു വന്നതിന് പിന്നാലെ പല രാജ്യങ്ങളിലേയും ഇന്ത്യക്കാർ സൂപ്പർമാർക്കറ്റുകളിൽ അരി വാങ്ങാനായി ക്യൂവിലായിരുന്നു. ഇതിൻ്റെ വീഡിയോകളും വൈറലായിരുന്നു. ലോകത്ത് അരി കയറ്റുമതിയുടെ 40 ശതമാനവും ഇന്ത്യയിൽ നിന്നാണ്. 140 ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും അരി കയറ്റി അയയ്ക്കുന്നുണ്ട്. അരി കയറ്റുമതി നിരോധിച്ച ഇന്ത്യൻ സർക്കാരിൻ്റെ നടപടി ആഗോളതലത്തിൽ ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കുമെന്നും കയറ്റുമതി നിരോധനം ഇന്ത്യ പുനപരിശോധിക്കണമെന്നും നേരത്തെ ഐഎംഎഫ് ആവശ്യപ്പെട്ടിരുന്നു. അതേസമയം മൺസൂൺ വിളവെടുപ്പ് ആരംഭിക്കുന്നതോടെ വിപണയിലേക്ക് കൂടുതൽ അരിയെത്തുമെന്നും അതോടെ കയറ്റുമതി നിരോധനം പിൻവലിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് വ്യാപാരികൾ.