യുഎഇ യുടെ നേട്ടങ്ങളും നാഴികക്കല്ലായ നയങ്ങളുമെല്ലാം രാജ്യത്തെ യുവാക്കളുടെ ഭാവിക്ക് വേണ്ടിയാണെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. മാർച്ച് 15 എമിറാത്തി ശിശുദിനവുമായി ബന്ധപ്പെട്ട് ആശംസകൾ അറിയിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ന് യുഎഇ ചെയ്യുന്ന കാര്യങ്ങളിലൂടെ നാളെ രാജ്യത്തെ കുട്ടികൾക്ക് മികച്ച ഒരു ലോകം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.
യുവജനങ്ങൾക്കും വരും തലമുറകൾക്കും സുസ്ഥിരവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്ന് യുഎഇ പ്രസിഡന്റ് കൂട്ടിച്ചേർത്തു. ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷത്തിലേക്ക് കുട്ടികളെ എത്തിക്കുകയും സ്വന്തം അവകാശത്തെക്കുറിച്ചുള്ള അവബോധം അവരിൽ വളർത്തുകയും ചെയ്യും. ഇതിനായാണ് എല്ലാ മാർച്ച് 15 നും എമിറാത്തി ശിശുദിനമായി ആചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.