ഓസ്ട്രേലിയൻ അധികൃതരും ദുബായ് കസ്റ്റംസും ചേർന്ന് നടത്തിയ സംയുക്ത ലഹരിവേട്ടയിൽ 4.04 ബില്യൺ ദിർഹം വിലമതിക്കുന്ന രണ്ട് ടൺ മെത്താംഫെറ്റാമൈൻ പിടിച്ചെടുത്തു. സിഡ്നി തുറമുഖത്ത് അയൽരാജ്യത്ത് നിന്ന് കയറ്റി അയച്ച മാർബിൾ സ്ലാബിനുള്ളിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. 19 കണ്ടെയ്നറുകളിൽ നിന്നാണ് മെത്താംഫെറ്റാമൈൻ കണ്ടെത്തിയത്. 2019-ന് ശേഷം ഓസ്ട്രേലിയയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.
ഓസ്ട്രേലിയൻ അധികാരികൾക്ക് കൈമാറിയ ചരക്കുനീക്കങ്ങളുടെ വിവരങ്ങളാണ് ഈ ഓപ്പറേഷന്റെ വിജയത്തിന് കാരണമായതെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ അഹമ്മദ് മഹ്ബൂബ് മുസാബിഹ് പറഞ്ഞു. യുഎഇയും വിവിധ രാജ്യങ്ങളും തമ്മിൽ ദൃഢമായ ബന്ധം വളർത്തുന്നതിന്റെ ഭാഗമായാണ് ഈ ഓപ്പറേഷനെന്ന് തുറമുഖ, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷൻ ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലൈമാൻ പറഞ്ഞു. ലോകമെമ്പാടുമുള്ള മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിന് സുരക്ഷാ അധികാരികളെ പിന്തുണയ്ക്കാൻ ദുബായ് കസ്റ്റംസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് കള്ളക്കടത്ത് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്താൻ ഇന്റലിജൻസ് പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ദുബായിയെ ലോക ഭൂപടത്തിൽ വേറിട്ടു നിർത്തുന്ന ഒരു അന്താരാഷ്ട്ര മാതൃക അവതരിപ്പിക്കാൻ പ്രാദേശികവും ആഗോളവുമായ തലത്തിൽ സംഘടന പ്രവർത്തിക്കുന്നുണ്ടെന്നും ബിൻ സുലൈമാൻ പറഞ്ഞു.