യു എ ഇയിൽ അനിശ്ചിതകാലതൊഴില് കരാറുകൾ നിര്‍ത്തലാക്കുന്നതിനായുള്ള കാലാവധി നീട്ടി. 2023 ഡിസംബര്‍ 31 വരെ കരാറുകൾ മാറ്റാം. അനശ്ചിതകാല കരാറുകൾ നിശ്ചിത കാലപരിധിയുളള കരാറുകളിലേക്ക് മാറ്റുന്നതിന് തൊഴിലുടമകൾക്ക്കൂടുതല് സമയം അനുവദിച്ചുകൊണ്ടാണ് മാനവ വിഭവശേഷി – എമിറേറ്റൈസേഷൻ മന്ത്രാലയം ഉത്തരവിറക്കിയത്.
അതേസമയം അനശ്ചിതകാല കരാറുകൾ ഫെബ്രുവരി മുതല്‍ നിര്‍ത്തലാക്കാനായിരുന്നു മന്ത്രാലയത്തിന്റെ തീരുമാനം. രാജ്യത്ത് നടപ്പാക്കുന്ന തൊഴില്‍ നിയമ ഭേതഗതികളുടെ ഭാഗമായാണിത്. പകരം തൊഴിലാളികൾക്ക് പരമാവധി മൂന്ന് വര്‍ഷം വരെ കാലാവധിയുളള നിശ്ചിതകാല കരാറുകൾ നല്‍കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. കൂടാതെ ആവശ്യമെങ്കില്‍ കരാറുകൾ പുതുക്കുകയോ അവസാനിപ്പിക്കുയൊ ചെയ്യാനുള്ള അനുമതിയും മന്ത്രാലയം നൽകിയിരുന്നു. എന്നാൽ കരാര്‍ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന തീയതികൾ രേഖപ്പെടുത്തണം.
നിശ്ചിതകാല പരിധിയുളള കരാറുകൾ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും കൂടുതല്‍ അവസരങ്ങൾ നല്‍കും. കൂടാതെ തൊഴിലാളിയ്ക്ക് വൈദ്ഗ്ദ്യമുണ്ടെങ്കിൽ ചുരുങ്ങിയ കരാര്‍ കാലാവധിക്ക് ശേഷം പുതിയ നിയമനത്തിന് അവസരം ലഭിക്കുകയും ചെയ്യും. തൊഴിലാളികൾക്ക് പാർട്ട് ടൈം ജോലികൾ ചെയ്യാനും പ്രോജക്റ്റ് അധിഷ്ഠിത ജോലികൾ ചെയ്യാനും പുതിയ നിയമം അവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രാലയം വിലയിരുത്തുന്നു.
അതേസമയം ലിമിറ്റഡ് കരാറുകളില്‍ വ്യവസ്ഥകൾ ലംഘിക്കുന്നവര്‍ മറുകക്ഷിക്ക് നഷ്ടപരിഹാരം നല്കാൻ ബാധ്യസ്ഥരാണെന്ന വ്യവസ്ഥയുണ്ട്. കരാറുകൾ ലിമിറ്റഡ് കാലയളവിലേക്ക് മാറ്റിയില്ലെങ്കില്‍ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തിലെത്തുന്നത് മുതല്‍ ഒരുവര്‍ഷത്തിനകം നിശ്ചിതകാല പരിധിയിലേക്ക് മാറിയതായി കണക്കാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.