വിശക്കുന്നവർക്ക് ഭക്ഷണമെത്തിച്ച് കാരുണ്യ പ്രവർത്തനങ്ങൾ തുടരുകയാണ് യുഎഇ. വൺ ബില്യൻ മീൽസ് പദ്ധതിയിലൂടെ ഇന്ത്യയിൽ 15 ലക്ഷം ഭക്ഷണപ്പൊതികളാണ് യുഎഇ വിതരണം ചെയ്തത്. ഗ്രാമങ്ങളിലും നഗരങ്ങളിലുമായി ഇതുവരെ 15,37,500 ഭക്ഷണപ്പൊതികളാണു വിതരണം ചെയ്തത്. ഇന്ത്യയിലും പാക്കിസ്ഥാനിലുമായി ആകെ 25 ലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു.
യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിർദേശ പ്രകാരം മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചാരിറ്റബിൾ ട്രസ്റ്റ് എസ്റ്റാബ്ളിഷ്മെന്റാണ് ഭക്ഷണം എത്തിച്ചത്. താജിക്കിസ്ഥാന്‍, കിർഗിസ്ഥാന്‍, കസാകിസ്ഥാന്‍, ഫിലിപ്പീൻസ്, കംബോഡിയ എന്നീ രാജ്യങ്ങളിലുള്ളവർക്കും ഭക്ഷണം എത്തിച്ചു.
അമ്പത് രാജ്യങ്ങളെയാണ് പദ്ധതിയ്ക്കായി തെരഞ്ഞെടുത്തത്. ഇവിടങ്ങളിലെ 75,000 കുടുംബങ്ങൾക്ക് ആഴ്ചകളോളം പാചകം ചെയ്ത ഭക്ഷണം എത്തിച്ചിരുന്നു. 60 കോടി ഭക്ഷണപ്പൊതികൾ സംഭാവനയായി ലഭിച്ചപ്പോൾ 40 കോടി ഭക്ഷണപ്പൊതികൾ യുഎഇ വൈസ് പ്രസിഡന്റ് സ്വന്തം നിലയില്‍ വിതരണം ചെയ്യുകയായിരുന്നു.