ന്യൂയോര്‍ക്കിൽ ഹൃദ്രോഗം മൂലം പിതാവ് മരിച്ചതിന് പിന്നാലെ പട്ടിണി കിടന്ന് 2 വയസുകാരനായ മകനും മരിച്ചു. ഡേവിഡ് കോണ്‍ഡേ എന്ന 59കാരനും രണ്ട് വയസുള്ള മകന് ഡേവിഡ് കോണ്‍ഡേ ജൂനിയറുമാണ് ന്യൂയോര്‍ക്കിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡേവിഡിന്റേത് ഹൃദയസംബന്ധിയായ തകരാറുകളേ തുടര്‍ന്നുള്ള സ്വാഭാവിക മരണമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിന് പിന്നാലെ മകന് ഭക്ഷണം ലഭിക്കാതെ പട്ടിണി മരണം സംഭവിക്കുകയായിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
2019 ഒക്ടോബര്‍ 29നാണ് ഡേവിഡ് ജൂനിയര്‍ ജനിച്ചത്. ജനന സമയത്തെ ചില തകരാറുകള്‍ കാരണം അടുത്തിടെയാണ് ഡേവിഡ് ജൂനിയര്‍ നടക്കാന്‍ ആരംഭിച്ചത്. നിരവധി ശസ്ത്രക്രിയകളും പരിശീലനങ്ങളും ഇതിനായി നടത്തിയിരുന്നു. എന്നാൽ സ്ഥിരമായുള്ള മകന്റെ പരിശോധനകള്‍ക്ക് എത്താറുള്ള ഡേവിഡിനെ കാണാതെ വന്നതിനേ തുടര്‍ന്ന് പൊലീസ് വിട്ടീലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിനുള്ളില്‍ മല്പ്പിടുത്തമോ മറ്റ് ആക്രമണമോ നടന്നതായി കാണാൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഇവരുടെ മരണത്തില്‍ പ്രത്യേക അന്വേഷണം നടന്നു. അപാര്‍ട്ട്മെന്റിലെ കിടപ്പുമുറിയിലായിരുന്നു ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. എന്നാൽ പൊലീസ് എത്തുന്നതിന് രണ്ട് ദിവസം മുന്‍പാണ് മരണം സംഭവിച്ചതെന്ന് വിലയിരുത്തി. അമ്മ, അമ്മയുടെ അമ്മ, ആറ് സഹോദരന്മാര് എന്നിവരടങ്ങുന്നതാണ് ഡേവിഡിന്റെ കുടുംബം.