മണിപ്പൂരില്‍ മെയ് നാലിന് രണ്ട് സ്ത്രീകളെ നഗ്നരായി പൊതുവഴിയിലൂടെ നടത്തിക്കുകയും അവരോട് ലൈംഗിക അതിക്രമം കാണിക്കുകയും ചെയ്തതിന് പിന്നാലെ മറ്റ് രണ്ട് കുകി വനിതകളെ കൂടി കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇംഫാലില്‍ ആണ് സംഭവം.
ഒരു മണിക്കൂറിന്റെ ഇടവേളയിലാണ് മറ്റ് രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.
നഗരത്തിലെ കാര്‍വാഷ് കേന്ദ്രത്തില്‍ കെയര്‍ ടേക്കര്‍മാരായി ജോലി ചെയ്ത് വരികയായിരുന്ന സഹോദരിമാരെയാണ് കൊലപ്പെടുത്തിയത്. 21 ഉം 24 ഉം വയസുള്ള സഹോദരിമാരെ മെയ്തെയ് വിഭാഗത്തിലെ അക്രമകാരികള്‍ കെട്ടിടത്തില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പിതാവ് നല്കിയ പരാതിയില്‍ പറയുന്നു.
തന്റെ മൂത്ത മകളുടെ സുഹൃത്തായ മെയ്തെയ് വിഭാഗക്കാരനാണ് മകളെ കൊലപ്പെടുത്തിയ വിവരം അറിയിച്ചതെന്ന് പെണ്‍കുട്ടികളുടെ അച്ഛന് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
‘എന്റെ മൂത്ത മകളുടെ സുഹൃത്ത് മെയ്തെയ് വിഭാഗക്കാരനാണ്. ഞങ്ങള്‍ കുകികളാണ്. ഈ സുഹൃത്താണ് എന്നോട് പറയുന്നത് സ്ത്രീകളും പുരുഷന്മാരുമടങ്ങിയ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറിയെന്നും മക്കളെ കൊലപ്പെടുത്തിയെന്നും. ഒരു പൊലീസുകാരന്റെ കൂടെ അവിടെ ചെല്ലുമ്പോള്‍ മക്കള്‍ മരിച്ച് കിടക്കുന്നതാണ് കണ്ടത്. പരിശോധിച്ച ഡോക്ടര്‍ ആണ് പറഞ്ഞത് മക്കള്‍ ബലാത്സംഗത്തിനിരയായെന്ന്. പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. എന്നാല്‍ ഒരു നടപടിയും എടുത്തില്ല. എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും അവര്‍ എന്നെ അറിയിച്ചില്ല. അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് മാത്രം പറഞ്ഞു,’ അച്ഛന് പറഞ്ഞു.
മണിപ്പൂരിലെ കൊനങ് മമാങിലാണ് സംഭവം നടന്നത്. കൊലപാതകത്തില്‍ പെണ്‍കുട്ടികളുടെ പിതാവ് മെയ്തെയ് യൂത്ത് ഓര്‍ഗനൈസേഷനിലെ ആളുകള്‍ക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നത്.