തുർക്കിയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 25 മരണം. ഭൂമിക്കടിയിൽ കുടുങ്ങിയ 50ഓളം പേർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. കരിങ്കടൽ തീരത്തെ അമസ്രയിലെ ഖനിയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. അപകടസ്ഥലത്ത് നിന്ന് 11 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യമന്ത്രി ഫഹ്രെറ്റിൻ കോക്ക അറിയിച്ചു.
രക്ഷപ്പെട്ട പലർക്കും ഗുരുതരമായ പരിക്കുകളുണ്ടെന്ന് അമാസ്ര മേയർ റെക്കായ് കാക്കിർ പറഞ്ഞു. 300 മീറ്റർ ആഴത്തിലുള്ള ഖനിയിൽ അപകടസമയത്ത് 110 ലേറെപ്പേർ ജോലി ചെയ്തിരുന്നുവെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 2014ൽ പടിഞ്ഞാറൻ തുർക്കിയിലെ സോമ നഗരത്തിലെ കൽക്കരി ഖനിയിലുണ്ടായ അഗ്നിബാധയിൽ 301 പേർ കൊല്ലപ്പെട്ടിരുന്നു.