തുർക്കിയിലും സിറിയയിലുമായി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 42,000 കടന്നു. തുർക്കിയിൽ മാത്രം 36,187 മരണമാണ് സ്ഥിരീകരിച്ചത്. ഭൂകമ്പകത്തിൽ കനത്തനാശം ഉണ്ടായ തുർക്കിയിലെ കഹ്റാമൻമറാഷ് നഗരത്തിൽ നിന്ന് 10 ദിവസത്തിനു ശേഷം 17 വയസ്സുകാരിയെ രക്ഷിച്ചു. 248 മണിക്കൂറുകളോളമാണ് കയാബാസിയിലെ അലെയ്ന ഓൽമെസ് എന്ന പെൺകുട്ടി ഭക്ഷണവും വെള്ളവുമില്ലാതെ അവശിഷ്ടങ്ങൾക്കടിയിൽ അതിജീവിച്ചത്.
തുർക്കിയിലെ അൻ്റാക്യയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു രണ്ട് മക്കൾക്കൊപ്പം ഇല എന്ന വിദേശവനിതയെ ഇന്നലെ രക്ഷിച്ചിരുന്നു. അതേസമയം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവർക്കായി തിരച്ചിൽ വേഗത്തിലാക്കുന്നുണ്ട്. സംഭവം നടന്ന ദിവസങ്ങൾ കഴിഞ്ഞിട്ടും ഏതാനും പേരെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞത് രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷ നൽകുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം സിറിയയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ് നടക്കുന്നതെന്നാരോപിച്ച് ജനം രോഷാകുലരായി. കൂടാതെ കാര്യങ്ങൾ നിയന്ത്രണത്തിൽ അല്ലെന്നും രാജ്യാന്തരസമൂഹം സിറിയയെ സഹായിക്കണമെന്നും സിറിയയിലെ ഡോക്ടർമാർ അഭ്യർഥിച്ചു. പകർച്ചവ്യാധികൾ പടരാൻ സാധ്യതയുണ്ടെന്ന് റെഡ്ക്രോസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഭൂകമ്പത്തിൻ്റെ പശ്ചാത്തലത്തിൽ തുർക്കിയുടെ പടിഞ്ഞാറൻ തീരത്തുള്ള അക്കുയുവിൽ ആണവ നിലയം പണിയുന്നതിനെതിരെ എതിർപ്പ് ശക്തമാവുന്നുണ്ട്. ഭൂകമ്പ സാധ്യതാമേഖലയിലാണ് ഈ നിലയം. എന്നാൽ ഇത് സുരക്ഷിതമായാണു നിർമിക്കുന്നതെന്ന് പദ്ധതിയുടെ ചുമതലക്കാരായ റഷ്യൻ കമ്പനി റോസാറ്റോം അറിയിച്ചു.
തകരാത്ത പട്ടണം
ഭൂകമ്പത്തിൻ്റെ പ്രധാന കേന്ദ്രത്തിൽ നിന്നും 70 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ചെറുപട്ടണമായ ഇർസിനെ ദുരന്തം സാരമായി ബാധിച്ചില്ല. ഹതായി പ്രവിശ്യയിലെ മെഡിറ്ററേനിയൻ തീരത്തിന് സമീപമുള്ള പട്ടണമാണിത്. ഇവിടെ 31,732 പേർ ജീവിക്കുന്നുണ്ട്. എന്നാൽ വൻ ഭൂകമ്പത്തിൽ തൊട്ടടുത്തുള്ള പട്ടണങ്ങൾ വരെ നശിച്ചിട്ടും ഇർസിൻ രക്ഷപ്പെട്ടത് ഇവിടത്തെ നഗരസഭാ അധികൃതരുടെ ജാഗ്രത മൂലമാണെന്ന് അധികൃതർ വ്യക്തമാക്കി. നിയമവിരുദ്ധമായ നിർമാണപ്രവർത്തനങ്ങൾക്ക് ഇവിടെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഭൂകമ്പത്തിനു ശേഷം 20,000 അഭയാർഥികൾ ഇർസിനിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്.