തിരുവനന്തപുരം: ഓപ്പറേഷൻ തീയേറ്ററിൽ മതപരമായ വിശ്വാസം സംരക്ഷിക്കുന്ന തരത്തിലുള്ള വസ്ത്രം അനുവദിക്കണമെന്ന വിദ്യാർത്ഥിനികളുടെ ആവശ്യം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയമിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പളിന് കോളേജിലെ ആറ് മുസ്ലീം വിദ്യാർത്ഥിനികൾ കത്ത് നൽകിയത്.
2018,2021,2022 ബാച്ചുകളിലെ വിദ്യാർത്ഥിനികളാണ് കത്ത് നൽകിയിരിക്കുന്നത്. മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തീയേറ്റിൽ തലയും കൈകളും മറച്ച് പ്രവേശിക്കാനുള്ള അനുമതിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഓപ്പറേഷൻ തീയേറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കുന്നില്ലെന്നും എന്നാൽ ഏതൊരു അവസ്ഥയിലും മതപരമായ വിശ്വാസം സംരക്ഷിക്കേണ്ടതുണ്ടെന്നും അതിനാൽ ആ രീതിയിലുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നും കത്തിൽ പറയുന്നുണ്ട്. ഹിജാബിന് പകരമായി ധരിക്കാവുന്ന പലതരം വസ്ത്രങ്ങളുണ്ട്. നീളൻ കൈയുള്ളതും തല മറയ്ക്കാവുന്നതുമായി ഇത്തരം വസ്ത്രങ്ങൾ ഓപ്പറേഷൻ തീയേറ്ററിൽ ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.
ഓപ്പറേഷൻ തീയേറ്ററിലെ വസ്ത്രധാരണത്തിൽ ദേശീയതലത്തിലുള്ള പ്രോട്ടോക്കോളാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പാലിക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ.ലിനറ്റ് മോറിസ് വ്യക്തമാക്കി. ഓപ്പറേഷൻ തീയേറ്ററിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക എന്നത് മെഡിക്കൽ വിദ്യാഭ്യാസത്തിൻ്രെ ഭാഗമാണ്. ഇതിനായി വരുന്ന വിദ്യാർത്ഥികൾക്ക് ഹാഫ് സ്ലീവ് വസ്ത്രമാണ് നിർദേശിച്ചിരിക്കുന്നത്. സർജറിക്ക് മുൻപും ശേഷം കൈയുടെ മുട്ടു ഭാഗം വരെ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കി ഒഴുകുന്ന വെള്ളത്തിൽ കഴുകണം എന്നാണ് പ്രോട്ടോക്കോൾ ഇതിനായാണ് ഈ രീതിയിലുള്ള വസ്ത്രം നിഷ്കർഷിച്ചിരിക്കുന്നത്.
ഫുൾ സ്ലീവ് വസ്ത്രം ധരിക്കുമ്പോൾ ഓപ്പറേഷൻ തീയറ്ററിൽ ചെയ്യേണ്ടുന്ന കാര്യങ്ങളിൽ ബുദ്ധിമുട്ടുണ്ടാകും. കൈകൾ ഇടക്കിടെ കഴുകേണ്ടതുണ്ട്. രോഗികളെ ശുശ്രൂഷിക്കുമ്പോൾ കൈകൾ വൃത്തിയാക്കി വെക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അണുബാധയടക്കമുള്ള പ്രശ്നങ്ങളുണ്ടാകാനിടയുണ്ട്. ഇത്തരം കാര്യങ്ങൾ ഉള്ളതുകൊണ്ട് കൈകൾ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് വിദ്യാർത്ഥികളോട് വിശദീകരിച്ചിട്ടുണ്ടെന്നും അതവർക്ക് മനസ്സിലായിട്ടുണ്ടെന്നും പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ.മോറിസ് പറഞ്ഞു.
അതേസമയം ഡോക്ടർമാരുടെ വസ്ത്രധാരണത്തിൽ അല്ല രോഗിയുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളഘടകം പ്രതികരിച്ചു. ഓപ്പറേഷൻ തീയേറ്ററുകളെ അണുബാധ മുക്തമാക്കി നിർത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അണുബാധ നിയന്ത്രണത്തിന് ലോകമെമ്പാടും സ്വീകരിക്കുന്ന പ്രോട്ടോക്കോൾ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കാത്തുസൂക്ഷിക്കണമെന്നാണ് നിലപാടെന്നും ഐഎംഎ വ്യക്തമാക്കി.