ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിന് തുടക്കമായി. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാലുമണി വരെ നീളും. ശക്തമായ ത്രികോണ മൽസരമാണ് ഇക്കുറി നടക്കുന്നത്. ഭരണകക്ഷിയായ ബിജെപിയെ, സിപിഎമ്മും കോൺഗ്രസും സഖ്യമായാണ് നേരിടുന്നത്. പുതിയ ഗോത്ര പാർട്ടിയായ തിപ്ര മോതയുടെ വരവാണ് ഈ തിരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കുന്നത്.
60 നിയമസഭാ മണ്ഡലങ്ങളിലായി 3,328 പോളിങ് ബൂത്തുകൾ. അതിൽ 1,100 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. 28 അതീവ പ്രശ്നബാധിത ബൂത്തുകളുമുണ്ട്. രാഷ്ട്രീയ സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത കാവലാണ് ഒരുക്കിയിട്ടുള്ളത്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ നടക്കുക.
അറുപത് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 28 ലക്ഷത്തോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. സുരക്ഷക്കായി 400 കമ്പനി സിഎപിഎഫ് , 9000 ത്രിപുര സ്റ്റേറ്റ് റൈഫിൾസ് , 6000 പോലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ബിശാൽഘട്ടിലും ബെലോനിയയിലും സംഘർഷം ഉണ്ടായി. സംസ്ഥാനത്തെ ചില മേഖലകളിൽ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.