നവംബര്‍ 30 അനുസ്മരണ ദിനത്തോടനുബന്ധിച്ച് വീര മൃത്യു വരിച്ച സൈനികർക്ക് യുഎഇ ആദരാഞ്ജലി അർപ്പിച്ചു. ഇതിന്റെ ഭാഗമായി വിവിധ അനുസ്മരണ പരിപാടികളും നടത്തി. യുഎഇയില്‍ ഉടനീളം അനുസ്മരണ പരിപാടികൾ നടന്നു. കൂടാതെ എമിറേറ്റ്സിന്റെ അഭിമാന സ്രോതസ്സായി പ്രവര്‍ത്തിക്കുകയും വീരമൃത്യുവരിക്കുകയും ചെയ്ത സൈനികർക്കും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ആദരാഞ്ജലി അർപ്പിച്ചു.
ബഹുമാന്യരായ രക്തസാക്ഷികളുടെ ത്യാഗങ്ങൾ തലമുറകളുടെ ഓർമ്മയിൽ അനശ്വരവും അഭിമാനവും ആയി നിലനിര്‍ത്തും. പ്രിയപ്പെട്ടവരെ പിന്തുണയ്ക്കുന്നത് തുടരുമെന്നും ശൈഖ് മുഹമ്മദ് ചൊവ്വാഴ്ച നല്കിയ സന്ദേശത്തില്‍ വ്യക്തമാക്കി. വീരമൃത്യു വരിച്ച ജവാന്മാരുടെ കുട്ടികളുടേയും കുടുംബാംഗങ്ങളുടേയും ഉത്തരവാദിത്വം രാജ്യത്തിന്റെ ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
രാജ്യത്തെ നേതാക്കളും ജനങ്ങളും രക്തസാക്ഷികളുടെ സ്മരണകൾ ആഘോഷിക്കുകയും അവരുടെ ത്യാഗങ്ങൾ അനുസ്മരിക്കുകയും ചെയ്യുമെന്ന് വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് വ്യക്തമാക്കി. രാജ്യത്തിന്റെ സ്വാതന്ത്ര്യം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനുവേണ്ടി അവരുടെ ത്യാഗങ്ങൾക്ക് മതിപ്പ് നൽകുകയും ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015 മുതല്‍ യുഎഇ മുന്‍ പ്രസിഡന്റ് ആയിരുന്ന ശൈഖ് ഖലീഫയയാണ് നവംബര്‍ 30 വീരമൃതു വരിച്ച സൈനികരെ ആദരിക്കന്‍ അനുസ്മരണ ദിനം പ്രഖ്യാപിച്ചത്.