താന്‍ ഒരു സിനിമാ ഗ്യാങിന്റെയും ഭാഗമല്ലെന്ന് നടന് ടൊവിനോ തോമസ്. എല്ലാ തരം സിനിമകളും ചെയ്യുന്ന ആളാണ് താനെന്നും, കംഫര്‍ട്ട് സോണ്‍ മാത്രം നോക്കി വര്‍ക്ക് ചെയ്യാറില്ലെന്നും ടൊവിനോ പറഞ്ഞു. നീലവെളിച്ചം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായില്‍ വെച്ച് നടന്ന പ്രസ്മീറ്റിലാണ് ടൊവിനോയുടെ പ്രതികരണം.
‘ഞാന്‍ ഒരു ഗ്യാങിന്റെയും ഭാഗമാണെന്ന് എനിക്കും തോന്നിയിട്ടില്ല. അങ്ങനെ ആരും പറഞ്ഞും കേട്ടിട്ടില്ല. ഞാന്‍ വ്യത്യസ്ത തരം, ഒരു ഗ്യാങിന്റെയും ഭാഗമല്ലാത്ത തരം ആളുകളുടെ കൂടെ സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. എന്റെ ഫില്മോഗ്രഫി എടുത്ത് നോക്കൂ. ഞാന്‍ ഏതെങ്കിലും ഗ്യാങിന്റെ ഭാഗമാണോ? അങ്ങനെ ഒരു പ്രത്യേക തരം സിനിമ മാത്രം ചെയ്യുന്ന ആളുമല്ല. കംഫര്‍ട്ട് സോണ്‍ മാത്രം നോക്കി വര്‍ക്ക് ചെയ്യുന്ന ആളല്ല ഞാന്‍. കംഫര്‍ട്ട് സോണില്‍ മാത്രം നിന്നാല്‍ വളര്‍ച്ചയുണ്ടാകില്ല,’ ടൊവിനോ പറഞ്ഞു.
സമൂഹത്തില്‍ നടക്കുന്ന വിഷയങ്ങളില്‍ പ്രതികരിച്ചതുകൊണ്ട് ഒരുമാറ്റവും ഉണ്ടാകുന്നില്ലെന്നും പതികരിച്ചതില് എന്തെങ്കിലും പ്രത്യാഘാതം ഉണ്ടാകുമ്പോള്‍ അന്ന് പിന്തുണച്ചവര്‍ തന്നെ കല്ലെറിയുന്ന സാഹചര്യമാണ് ഉള്ളതെന്നും ടൊവിനോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിച്ചതിന്റെ പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍ നിങ്ങള്‍ എവിടെയാണ്? ഒരാളെ ആക്രമിക്കുമ്പോള്‍ അയാളെ ആക്രമിക്കുന്നത് എന്തിനാണ് എന്ന് ചോദിക്കാത്തത് എന്തുകൊണ്ടാണ്?. അഭിപ്രായം പറഞ്ഞ് കൈയ്യടി വാങ്ങാന്‍ താത്പര്യമില്ലെന്നും ടൊവിനോ പറഞ്ഞു.
തന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ഒക്കെ നോക്കിയാല്‍ അറിയാം, പ്രതികരിച്ചതെല്ലാം അവിടെ തന്നെയുണ്ട്. മലയാള സിനിമയിലെ ഭൂരിഭാഗം പേരും അതൊക്കെ ചെയ്തിട്ടുണ്ട്. അതിനൊക്കെ പല പ്രത്യാഘാതാങ്ങള്‍ പല സൈഡില്‍ നിന്നും കിട്ടുമ്പോള്‍ പിന്തുണച്ചവര്‍ തന്നെ നമുക്ക് എതിരെ തിരിയുന്നത് കാണാം. ഒരു വാര്‍ത്ത വന്നുകഴിഞ്ഞ് അതില്‍ എല്ലാവരും പ്രതികരിക്കുന്നു. എന്നിട്ട് ആ വാര്‍ത്തയുടെ മറുവശം വന്നു കഴിഞ്ഞാല്‍ നിങ്ങള്‍ ഒക്കെ മറുകണ്ടം ചാടും. അഭിപ്രായം പറഞ്ഞ നമ്മള് ഒക്കെ പ്രതിസ്ഥാനത്ത് വരികയും ചെയ്യും. സത്യാനന്തര കാലത്ത് രണ്ട് ദിവസം എടുത്ത് വിശകലനം ചെയ്ത് മാത്രമേ അഭിപ്രായം തന്നെ പറയാന്‍ സാധിക്കൂ എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.