ബെംഗളൂരു: കർണാടകയിലെ ടോൾ ഗേറ്റ് തുറക്കാൻ വൈകിയെന്നാരോപിച്ച് ടോൾ പ്ലാസ ജീവനക്കാരനെ ഒരു സംഘം മർദ്ദിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ടോൾ പ്ലാസ ജീവനക്കാരനായ പവൻകുമാർ എന്ന 26-കാരനാണ് കൊല്ലപ്പെട്ടത്.
തലസ്ഥാനമായ ബെംഗളൂരുവിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള രാമനഗരയിലെ ബിദാദി പട്ടണത്തിലെ ടോൾ പ്ലാസയിലായിരുന്നു സംഭവം. ആക്രമണത്തിൽ മഞ്ജുനാഥിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ബിദാദി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികൾ ബെംഗളൂരു സ്വദേശികളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും രാമനഗർ പൊലീസ് സൂപ്രണ്ട് കാർത്തിക് റെഡ്ഡി പറഞ്ഞു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മൈസൂരുവിലേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്ന നാലംഗസംഘമാണ് ടോൾ ഗേറ്റിൽ വച്ച് വാക്ക്തർക്കമുണ്ടാക്കിയത്. ടോൾ ബൂത്തിലെ ബാരിയർ ഉയർത്താൻ വൈകിയതിനെ ചൊല്ലി ഇവർ ജീവനക്കാരുമായി തർക്കത്തിലായി. ഇതു വൈകാതെ കൈയ്യാങ്കളിയിലേക്ക് നീങ്ങി. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് ഇരുകൂട്ടരേയും പിരിച്ചു വിട്ടത്.
എന്നാൽ ടോൾ ബൂത്ത് വിട്ട പ്രതികൾ ടോൾപ്ലാസയ്ക്ക് ഏതാനും മീറ്റർ മാറി നിലയുറപ്പിച്ചു. രാത്രി പന്ത്രണ്ട് മണിയ്ക്ക് പവൻകുമാറും മഞ്ജുനാഥും അത്താഴത്തിനായി പുറത്തേക്ക് വരും വരെ കാത്തിരുന്ന പ്രതികൾ ഹോക്കി സ്റ്റിക്കുകൾ ഉപയോഗിച്ച് ഇവരെ അക്രമിക്കുകയും തുടർന്ന് കാറിൽ രക്ഷപ്പെടുകയുമായിരുന്നു.