വംശനാശഭീഷണി നേരിടുന്ന 1500ലധികം മൃഗങ്ങളെ പുനരധിവസിപ്പിക്കാനൊരുങ്ങി സൗദി. സൗദിയിലെ അൽഉല റോയൽ കമീഷനാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചു ഘട്ടങ്ങളായാണ് രാജ്യത്തെ മലമ്പ്രദേശങ്ങളിൽനിന്നും യു.എ.ഇയിൽനിന്നും എത്തിച്ച മൃഗങ്ങളെ തുറന്നുവിടുക. ഈ ശൈത്യകാലം അവസാനിക്കുന്നതിനു മുമ്പ് നടപ്പിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
650 അറേബ്യൻ മാനുകൾ, 550 മരുഭൂ മാനുകൾ, 280 കലമാനുകൾ, 100 മലയാടുകൾ എന്നിവയെ ശഅറാൻ, വാദി നഖ്ല, ഗറാമീൽ എന്നീ പ്രകൃതിസംരക്ഷണ മേഖലകളിൽ പുനരധിവസിപ്പിക്കും. ഇതുവരെ 80 മൃഗങ്ങളെ വിട്ടയച്ചതായാണ് റോയൽ കമീഷന്റെ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം സജ്ജീകരിച്ചിട്ടുള്ള സ്മാർട്ട് സോഫ്റ്റ്വെയർ വഴിയുള്ള ക്യാമറ സംവിധാനം, സാറ്റലൈറ്റ് ട്രാക്കിങ് കോളറുകൾ എന്നിവ ഉപയോഗിച്ച്, പുതുതായി തുറന്നുവിട്ട മൃഗങ്ങളെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
തുറന്നുവിടുന്നതിനു മുമ്പ് മൃഗങ്ങളുടെ കായികക്ഷമത ഉറപ്പാക്കാന്നുതിനായി വിപുലമായ ജനിതക, ശാരീരിക പരിശോധന നടത്തുന്നുണ്ട്. ഇതാദ്യമായാണ് ജീവജാലങ്ങളെ നിരീക്ഷിക്കാനും സംരക്ഷിക്കാനുമായി സൗരോർജ സംവിധാനം അൽഉലയിൽ ഉപയോഗിക്കുന്നത്. വിഷൻ 2030, സൗദി ഗ്രീൻ ഇനിഷ്യേറ്റിവ്, ഗ്രീൻ മിഡിലീസ്റ്റ് ഇനിഷ്യേറ്റിവ് എന്നിവയ്ക്കനുസൃതമായാണ് രാജ്യത്തെ അൽഉല റോയൽ കമീഷന്റെ പാരിസ്ഥിതിക, വന്യജീവി സംരക്ഷണ പദ്ധതികൾ.
അൽഉലയുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ പുനരുജ്ജീവന പദ്ധതിയുമായി മുന്നേറുകയാണെന്ന് അൽഉല റോയൽ കമീഷൻ വൈൽഡ് ലൈഫ് ആൻഡ് നാച്വറൽ ഹെറിറ്റേജ് എക്സിക്യൂട്ടിവ് ഡയറക്ടർ സ്റ്റീഫൻ ബ്രൗൺ പറഞ്ഞു. കൂടാതെ 2030ന് മുൻപായി അറേബ്യൻ പുള്ളിപ്പുലിയെ അൽഉലയിലെ സംരക്ഷിത മേഖലയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംരക്ഷിത പ്രദേശ പരിപാലനം, അറേബ്യൻ പുള്ളിപ്പുലി സംരക്ഷണം, ജീവിവർഗങ്ങളുടെ പുനരധിവാസം, ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ, എന്നിവയുൾപ്പെടെയുള്ള ജൈവവൈവിധ്യ സംരംഭങ്ങളിലാണ് ശ്രദ്ധയൂന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.