കോയമ്പത്തൂർ: അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവ്വീസ് നടത്തിയ റോബിൻ ബസിന് ഇന്നും വഴി നീളെ തടസ്സങ്ങൾ. കേരള എംവിഡി ഉദ്യോഗസ്ഥർ ഇന്നും ബസ് തടയുകയും 7500 രൂപ പിഴയിടുകയും ചെയ്തു. തുടർന്ന് ബസ് തമിഴ്നാട്ടിൽ പ്രവേശിച്ചപ്പോൾ തമിഴ്നാട് മോട്ടോർവാഹന വകുപ്പ് ബസ് തടയുകയും ഗാന്ധിപുരം സെൻട്രൽ ആർടിഒ ഓഫീസിലേക്ക് ബസ് മാറ്റാൻ നിർദേശം നൽകുകയും ചെയ്തു. തമിഴ്നാട് ഗതാഗത വകുപ്പിനെ ഉപയോഗിച്ച് കേരള സർക്കാർ തന്നെ വേട്ടയാടുകയാണെന്നാണ് റോബിൻ ബസ് ഉടമ ഗിരീഷിൻ്റെ പരാതി.
അതേസമയം റോബിനോട് മത്സരിക്കാൻ കെഎസ്ആർടിസി ഇന്ന് ആരംഭിച്ച സർവ്വീസിന് വളരെ മോശം പ്രതികരണമാണ് യാത്രക്കാരിൽ നിന്നും തുടങ്ങിയത്. റോബിൻ ബസ് പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപായി നാലരയ്ക്ക് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് ഒരൊറ്റ യാത്രക്കാരനില്ലാതെയാണ് പത്തനംതിട്ട സ്റ്റാൻഡ് വിട്ടത്.
റോബിൻ ബസ് പോകുന്ന അതേറൂട്ടിൽ ( റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, വടക്കാഞ്ചേരി, പാലക്കാട്) റൂട്ടിലാണ് കെഎസ്ആർടിസിയുടെ ലോ ഫ്ളോർ ബസ് ഇന്ന് സർവ്വീസ് തുടങ്ങിയത്. അതേസമയം പത്തനംതിട്ടയിൽ നിന്നും ഇന്ന് കെഎസ്ആർടിസി ആരംഭിച്ച പുതിയ സർവ്വീസിന് പെർമിറ്റില്ലെന്ന് റോബിൻ ബസ് ഉടമ ഗിരീഷ് ആരോപിച്ചിരുന്നു. ബസിന് പെർമിറ്റുണ്ടെന്ന് തെളിയിച്ചാൽ താൻ ബസ് വ്യവസായം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എംവിഡി ഉദ്യോഗസ്ഥരിൽ നിന്നും തനിക്ക് കിട്ടുന്നത് പിഴയല്ലെന്നും ബൂസ്റ്റാണെന്നും ഗിരീഷ് പറഞ്ഞു.
കേന്ദ്ര ഗതാഗതമന്ത്രാലയത്തിൽ നിന്നുള്ള അഖിലേന്ത്യ പെർമിറ്റുമായി ഇന്നലെ സർവ്വീസ് ആരംഭിച്ച റോബിൻ ബസിനെ കേരള മോട്ടോർ വാഹനവകുപ്പ് ഇന്നലെ വിവിധ സ്ഥലങ്ങളിൽ വച്ച് നാല് തവണ തടയുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. പിന്നീട് പാലക്കാട് കടന്നപ്പോൾ തമിഴ്നാട് മോട്ടോർ വാഹനവകുപ്പും ബസ് പിടികൂടി പെർമിറ്റ് ലംഘനത്തിനും നികുതി അടയ്ക്കാത്തതിനുമായി 70000 രൂപ പിഴ ഈടാക്കി. ആകെ ഒരു ലക്ഷം രൂപയാണ് ഇന്നലെ രണ്ട് സംസ്ഥാനങ്ങളിലുമായി ബസിന് പിഴയായി വന്നത്.