വടക്കൻ അറ്റ്ലാൻ്റിക് സമുദ്രത്തിൽ വച്ച് കാണാതായ സമുദ്രപേടകം ടൈറ്റൻ പൊട്ടിത്തെറിച്ച സംഭവത്തിൽ പ്രതികരണവുമായി വിഖ്യാത ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂൺ. മദർഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെട്ടപ്പോൾ തന്നെ ടൈറ്റൻ പൊട്ടിത്തെറിച്ചിരിക്കാം എന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തെക്കുറിച്ച് തനിക്ക് ലഭിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഖ്യാത ചലച്ചിത്രം ടൈറ്റാനികിൻ്റെ സംവിധായകനായ ജെയിംസ് കാമറൂൺ ടൈറ്റാനിക് അപകടത്തെക്കുറിച്ച് പഠിച്ചു തുടങ്ങിയതോടെയാണ് സമുദ്രപര്യവേഷണ രംഗത്തേയ്ക്ക് എത്തുന്നത്. 1990- മുതൽ സമുദ്രപര്യവേഷണത്തിൽ ജയിംസ് കാമറൂൺ സജീവമാണ്. വിനോദസഞ്ചാരത്തിനും ഗവേഷണത്തിനുമായി മുങ്ങിക്കപ്പലുകളും പേടകങ്ങളും നിർമ്മിക്കുന്ന ട്രിടോൺ എന്ന കമ്പനിയുടെ ഉടമ കൂടിയാണ് ജെയിംസ് കാമറൂൺ. ലോകത്തെ ഏറ്റവും ആഴമേറിയ മറിയാന ട്രെഞ്ചിലടക്കം അദ്ദേഹം പര്യവേഷണം നടത്തിയിട്ടുണ്ട്. ട്രിടോൺ കമ്പനി കൂടാതെ സമുദ്രാന്തർ ഭാഗത്ത് ഉപയോഗിക്കാവുന്ന റോബോട്ടുകളുടേയും ആളില്ലാ പേടകങ്ങളുടേയും നിർമ്മാണരംഗത്തും ജെയിംസ് കാമറൂൺ നിക്ഷേപം നടത്തിയിട്ടുണ്ട്.
ജെയിംസ് കാമറൂണിൻ്റെ വാക്കുകൾ –
മുങ്ങിക്കപ്പലുകളെ കണ്ടെത്താനായി അമേരിക്കൻ നാവികസേനയുടെ കൈവശം ചില സംവിധാനങ്ങളുണ്ട്. ടൈറ്റൻ പേടകവുമായുള്ള ബന്ധം നഷ്ടമായ അതേ സമയത്ത് യുഎസ് നേവിയുടെ അക്വാസിറ്റിക് സിസ്റ്റത്തിൽ ഒരു അസാധാരണ ശബ്ദം റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു. സമുദ്രത്തിനുള്ളിൽ ഒരു സ്ഫോടനം നടന്ന തരത്തിലുള്ള ശബ്ദമായിരുന്നു അത്.
വടക്കൻ അറ്റ്ലാറ്റിക് സമുദ്രത്തിൽ ടൈറ്റാനിക് കപ്പൽ മുങ്ങിയ മേഖലയിൽ വൻ മുഴക്കം കേട്ടതായി എനിക്കും അന്ന് വിവരം ലഭിച്ചിരുന്നു. സമുദ്രത്തിനുള്ളിലെ ശബ്ദങ്ങൾ നിരീക്ഷിക്കുന്ന ഹൈഡ്രോഫോണിൽ ഈ സ്ഫോടന ശബ്ദം റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. മദർഷിപ്പിൽ കൊണ്ടു വന്ന ടൈറ്റൻ പേടകം സമുദ്രത്തിലേക്ക് ഇറക്കി അന്തർഭാഗത്തേക്ക് നീങ്ങാൻ തുടങ്ങി ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോൾ ആണ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. ടൈറ്റൻ പേടകം അപ്രത്യക്ഷമായി ഒരു മണിക്കൂറിനുള്ളിൽ തന്നെ സമുദ്രത്തിനടയിൽ വലിയൊരു മുഴക്കം ഉണ്ടായതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. എന്താണ് സംഭവിച്ചതെന്ന് അപ്പോൾ തന്നെ മനസ്സിലായി.. ടൈറ്റൻ പേടകം പൊട്ടിത്തെറിച്ചിരിക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്ച തന്നെ എൻ്റെ നിഗമനങ്ങളും ആശങ്കയും പങ്കുവച്ച് കൊണ്ട് ചില സുഹൃത്തുകൾക്ക് ഞാൻ മെയിൽ അയച്ചു – നമ്മുക്ക് ചില സുഹൃത്തുകളെ നഷ്ടപ്പെട്ടിരിക്കുന്നു. ആ പേടകം നഷ്ടമായിരിക്കുന്നു.. അവയെല്ലാം പല കഷ്ണങ്ങളായി സമുദ്രത്തിന് അടിത്തട്ടിലെത്തിയിട്ടുണ്ടാവാം എന്നാണ് ഞാൻ അവരോട് പറഞ്ഞത്.
സമുദ്രപര്യേവഷണ രംഗത്തെ നിലവാര രീതി വച്ച് സ്റ്റീൽ, ടൈറ്റാനിയം, സെറാമിക്, അക്രലിക് എന്നിവയാണ് പേടക നിർമ്മാണത്തിന് കൂടുതലായി ഉപയോഗിക്കുന്നത്. കാരണം സമുദ്രത്തിനടിയിലെ അതിശക്തമായ മർദ്ദത്തെ പ്രതിരോധിക്കാനും താങ്ങാനും ഈ ലോഹങ്ങൾക്ക് കുറച്ചൂടെ നന്നായി സാധിക്കും. സംയോജിത കാർബൺ ഫൈബറും ടൈറ്റാനിയം ഹല്ലും ഉപയോഗിച്ച് ഓഷ്യൻഗേറ്റ് കമ്പനി ഒരു സമുദ്രപര്യവേഷണപേടകം നിർമ്മിക്കുന്നു എന്ന് കേട്ടപ്പോൾ എനിക്ക് പല സംശയങ്ങളുമുണ്ടായിരുന്നു.
അതൊരു കൈവിട്ട ആശയമായാണ് എനിക്ക് തോന്നിയത്. ഞാൻ അതേക്കുറിച്ച് തുറന്നു പറയാൻ ആഗ്രഹിച്ചു. പക്ഷേ ചിലപ്പോൾ ആ ആശയത്തിൻ്റെ മേന്മ എനിക്ക് തിരിച്ചറിയാൻ സാധിക്കാത്തത് കൊണ്ടാവാം എന്നു ഞാൻ കരുതി. അങ്ങനെയൊരു ടെക്നോളജി ഞാൻ പരീക്ഷിച്ചിട്ടില്ല. അതിനെക്കുറിച്ച് ആഴത്തിൽ അറിയില്ല. അപ്പോൾ പിന്നെ ആധികാരികമായി അതിനെ ചോദ്യം ചെയ്യാൻ ഞാനാരാണ് ? പക്ഷേ എനിക്ക് കേട്ടപ്പോൾ തന്നെ പേടി തോന്നിയ ആശയമായിരുന്നു അത്.
ടൈറ്റാനിക് കപ്പൽ ദുരന്തവും ടൈറ്റാൻ പേടക ദുരന്തവും തമ്മിലുള്ള സാമ്യതകളെക്കുറിച്ചാണ് ഞാനിപ്പോൾ ഓർക്കുന്നത്. ടൈറ്റാനികിൻ്റെ കന്നിയാത്രയിൽ തന്നെ വഴി മധ്യേയുള്ള മഞ്ഞുമലകളെക്കുറിച്ച് ഷിപ്പിൻ്റെ ക്യാപ്റ്റന് നിരവധി തവണ മുന്നറിയിപ്പ് കിട്ടിയതാണ്. എന്നിട്ടും കപ്പൽ വേഗം കൂട്ടി വിടാനാണ് അയാൾ ജീവനക്കാരോട് ആവശ്യപ്പെട്ടത്. അതും നിലാവ് പോലുമില്ലാതിരുന്ന രാത്രിയിൽ. ആയിരക്കണക്കിനാളുകളുടെ മരണത്തിന് ആ ദുരന്തം കാരണമായി.
അതേരീതിയിൽ മുന്നറിയിപ്പുകളെ അവഗണിച്ച് ഇറങ്ങിയ ടൈറ്റൻ പേടകത്തിനും അതേ ഗതിയാണ് വന്നിരിക്കുന്നത് പരീക്ഷണത്തിലിരിക്കുന്ന ഒരു പേടകത്തിൽ പണം വാങ്ങി ആളുകളെ കൊണ്ടു പോകുക എന്നത് ശരിയായ കാര്യമായിരുന്നില്ല. ചെയ്യുന്ന കാര്യത്തിൻ്റെ ഗൌരവം കൃത്യമായി അറിയാത്ത മനുഷ്യരെയാണ് പേടകത്തിലാക്കി കൊണ്ടു പോയത്. ഒടുവിൽ ടൈറ്റാനിക് തകർന്നു പോയ അതേ സ്ഥലത്ത് തന്നെ ടൈറ്റനും തകർന്നിരിക്കുന്നു.. അവിശ്വസനീയമായ സാമ്യതയാണിത്.