ഹോട്ടലുകളിൽ നിന്നുളള ഭക്ഷണ പാർസലുകൾക്ക് ഇന്നു മുതൽ സമയപരിധി സ്റ്റിക്കർ നിർബന്ധം. ഭക്ഷണം പാകംചെയ്ത സമയം, തിയതി, എത്ര സമയത്തിനുളളിൽ കഴിക്കണം എന്നിവയടങ്ങിയ സ്ലിപ്പോ, സ്റ്റിക്കറോ പതിക്കണമെന്നാണ് സർക്കാർ നിർദേശം. ഭക്ഷ്യസുരക്ഷ മുന്നറിയിപ്പോടു കൂടിയായിരിക്കണം സ്റ്റിക്കർ പതിക്കേണ്ടത്.ജനുവരി 21 നാണ് സർക്കാർ ഉത്തരവിറക്കിയത്. ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
പഴകിയ ഭക്ഷണങ്ങൾ നിരവധി ഹോട്ടലുകളിൽ നിന്ന് പിടിച്ചെടുത്തതിന്റെ അടിസ്ഥാനത്തിനാണ് നടപടി. ഭക്ഷ്യസുരക്ഷ മാനദണ്ഡമനുസരിച്ച് ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുളളിൽ ഉപയോഗിക്കണമെന്നാണ്. നിശ്ചിത സമയത്തിനുളളിൽ ചില ഭക്ഷണങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധയുണ്ടാകാൻ സാധ്യതയുണ്ട്.
രണ്ട് മണിക്കൂറിൽ കൂടുതൽ സാധാരണ ഊഷ്മാവിൽ ഭക്ഷണം സൂക്ഷിക്കുമ്പോൾ ആരോഗ്യ പ്രശ്നങ്ങളും ഉപയോഗിക്കാൻ അനുയോജ്യമല്ലാത്തതുമായി മാറാനും സാധ്യതയുണ്ട്. ഭക്ഷണമെത്തിക്കാൻ കൂടുതൽ സമയമെടുക്കുന്ന സ്ഥലങ്ങളിൽ 60 ഡിഗ്രി ഊഷ്മാവ് യാത്രയിൽ നിലനിർത്തണം. പാകംചെയ്ത മാംസത്തിന് പുറമേ മുട്ടക്കും മത്സ്യത്തിനുംമെല്ലാം ഈ നിബന്ധന ബാധകമാണ്.