തുർക്കി-സിറിയ ഭൂകമ്പത്തിൽ അതിജീവിച്ചവർക്ക് സഹായവുമായി ഖത്തർ മ്യൂസിയം. ‘ബീ ദ ഹോപ്’ എന്ന പേരിലാണ് ഖത്തർ മ്യൂസിയം ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ദുരിതബാധിതർക്ക് സാധനങ്ങൾ സംഭാവന ചെയ്യുന്നതിന് ജീവനക്കാരെയും സന്ദർശകരെയും സ്പോൺസർമാരെയും ഇതിലൂടെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി (ക്യു.ആർ.സി.എസ്)യുമായി സഹകരിച്ചാണ് ഖത്തർ മ്യൂസിയം ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിന്റെ പാലത്തിന് താഴെയുള്ള സ്റ്റാഫ് പാർക്കിങ്ങിലാണ് ഒരു കലക്ഷൻ പോയൻ്റ്. നാഷണൽ മ്യൂസിയത്തിൽ സ്റ്റാഫ് പാർക്കിങ് ഏരിയയിലും സഹായങ്ങൾ സ്വീകരിക്കും. അതേസമയം സംഭാവന നൽകുന്ന ബോക്സുകളിൽ സാധനങ്ങളുടെ വിശദമായ ലിസ്റ്റ് ഉണ്ടായിരിക്കണം. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഒമ്പതിനും വൈകീട്ട് ഏഴിനുമിടയിൽ ഇവിടെ സഹായങ്ങൾ നൽകാം.
കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധിയുള്ള ടിന്നിലടച്ച ഭക്ഷണ സാധനങ്ങൾ ഉൾപ്പെടുത്തണമെന്ന് റെഡ് ക്രെസെന്റ് ആവശ്യപ്പെട്ടിട്ടുണ്ട് (പാൽപ്പൊടിയും ടിൻ ഫുഡ്സും). കൂടാതെ പുതിയ വസ്ത്രങ്ങൾ, ശുചിത്വ ഉൽപന്നങ്ങൾ, പുതപ്പുകൾ, സാനിറ്റൈസറുകൾ, കുട്ടികൾക്കും മുതിർന്നവർക്കും അനുയോജ്യമായ വലുപ്പത്തിലുള്ള ഡയപ്പറുകൾ, സർജിക്കൽ കൈയുറകൾ, പ്രഥമ ശുശ്രൂഷ വസ്തുക്കൾ, (ആന്റി സെപ്റ്റിക് സ്പ്രേ, ബാൻഡേജുകളും ഡ്രെസിങ്ങുകളും, സുരക്ഷ പിന്നുകൾ, അണുവിമുക്തമാക്കുന്ന വൈപ്പുകൾ, പശയുള്ള ടേപ്പ്, ഫോയിൽ ബ്ലാങ്കറ്റുകൾ മുതലായവ), കളിപ്പാട്ടങ്ങൾ എന്നിവയാണ് മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിലും ഖത്തർ നാഷനൽ മ്യൂസിയത്തിലും സ്വീകരിക്കുന്ന മറ്റു വസ്തുക്കൾ.
അതേസമയം തുർക്കി-സിറിയ ഭൂകമ്പത്തെ അതിജീവിച്ചവർക്കുള്ള സംഭാവന ക്യാമ്പയിനിൽ ഖത്തർ മ്യൂസിയവുമായി സഹകരിക്കാനും പങ്കാളികളാകാനും സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഖത്തർ റെഡ്ക്രസൻ്റ് സൊസൈറ്റി സെക്രട്ടറി ജനറൽ അലി ബിൻ ഹസൻ അൽ ഹമ്മാദി അറിയിച്ചു. ദുരിതബാധിതർക്ക് പിന്തുണയും സഹായവും നൽകുന്ന സമൂഹത്തിന് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ തുർക്കിയിലെയും സിറിയയിലെയും ജനങ്ങളുടെ പ്രയാസകരമായ സമയങ്ങളിൽ അവരെ പിന്തുണക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് ഖത്തർ മ്യൂസിയം സി ഇ ഒ അഹ്മദ് അൽ നംല അറിയിച്ചു.