തൃശ്ശൂർ: തൃശ്ശൂർ പൂര വിവാദത്തിൽ പൊലീസിനെതിരെ സിപിഐ നേതാവ് വിഎസ് സുനിൽകുമാർ.മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച അന്വേഷണം പൊലീസ് അട്ടിമറിച്ചു എന്നാണ് വി എസ് സുനിൽകുമാറിന്റെ ആരോപണം.
ദേവസ്വങ്ങളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം റിപ്പോർട്ട് മറച്ചുവെക്കുകയാണ് പൊലീസ് ഇപ്പോൾ ചെയ്യുന്നത്. അന്വേഷണം നടന്നിട്ടില്ലെങ്കിൽ എന്തിനാണ് മൊഴി രേഖപ്പെടുത്തിയത്? റിപ്പോർട്ട് തയ്യാറാക്കിയ ശേഷം ആർക്കോ വേണ്ടി അത് മറച്ചുവയ്ക്കുകയാണ് പൊലീസ്. വിഷയത്തിൽ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിവരാവകാശ പ്രകാരം അപേക്ഷ നൽകുമെന്നും വിഎസ് സുനിൽകുമാർ പറഞ്ഞു.
പൂരം കലക്കലിലെ പൊലിസ് നിലപാട് ദുരൂഹമാണെന്നും അന്വേഷണം പ്രഖ്യാപിച്ച് നാല് മാസം കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച് ഒരു നടപടിയും നടന്നിട്ടില്ലെന്ന പൊലിസിന്റെ നിലപാട് ഞെട്ടിക്കുന്നതാണ്. ഇത് അംഗീകരിച്ച് കൊടുക്കാനാവില്ലെന്നും വി.എസ് സുനിൽകുമാർ കൂട്ടിച്ചേർത്തു.