ദുബായ്: ജബൽ അലിയിലെ ഹൈന്ദവ ക്ഷേത്രത്തിൽ പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ എത്തിയത് 40,000 ഭക്തർ. മുൻവർഷത്തെ അപേക്ഷിച്ച് 12,000-ത്തിലധികം ഭക്തർ പുതുവത്സരദിനത്തിൽ ക്ഷേത്രത്തിലെത്തിയതെന്ന് ജബൽ അലി ഹിന്ദു ടെമ്പിൾ ദുബായ് ജനറൽ മാനേജർ മോഹൻ നരസിംഹമൂർത്തി ഖലീജ് ടൈംസിനോട് പറഞ്ഞു
“കഴിഞ്ഞ വർഷത്തെ പുതുവത്സര ദിനത്തിൽ ഏകദേശം 29,000 ത്തോളം പേരാണ് ക്ഷേത്രം സന്ദർശിച്ചത്. എന്നാൽ ഈ വർഷം ക്ഷേത്രത്തിലേക്ക് 10,000 മുതൽ 12,000 വരെ ആളുകൾ അധികമായി എത്തിയതോടെ ഭക്തരുടെ തിരക്ക് ഗണ്യമായി വർദ്ധിച്ചു – നരസിംഹമൂർത്തി പറയുന്നു. ബർ ദുബായിലെ ശിവക്ഷേത്രം അവിടെ നിന്നും ജബൽ അലിയിലെ ക്ഷേത്രത്തിലേക്ക് മാറ്റിയത് ദിവസങ്ങൾ മുൻപാണ്.
ക്ഷേത്രത്തിലേക്ക് എത്തിയ വൻജനക്കൂട്ടത്തെ കൈകാര്യം ചെയ്യാൻ പ്രത്യേകം ക്യൂ സജ്ജമാക്കിയാണ് ക്ഷേത്രം മാനേജ്മെൻ്റ് തിരക്ക് നിയന്ത്രിച്ചത്. ബാച്ചിലേഴ്സ്, കുടുംബങ്ങൾ, സീനയർ സിറ്റിസൺസ്, വികലാംഗർ (പിഒഡികൾ), ഗർഭിണികൾ, കൈക്കുഞ്ഞുങ്ങളുള്ള അമ്മമാർ എന്നിങ്ങനെ വ്യത്യസ്ത ജനവിഭാഗങ്ങൾക്കായി പ്രത്യേകം ക്യൂ ഒരുക്കിയിരുന്നു.
ജനുവരി 1. യുഎഇ ദേശീയ ദിനം, മറ്റു പൊതു അവധി എന്നീ ദിവസങ്ങളിൽ വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടാറുള്ളത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിൽ ശരാശരി 3,000 മുതൽ 4,000 വരെ ആളുകൾ എത്താറുണ്ട്. എന്നാൽ ശനിയാഴ്ചകളിൽ ഏകദേശം 6,000 പേരും ഞായറാഴ്ചകളിൽ 8,000 പേർ വരെയും ക്ഷേത്രം സന്ദർശിക്കാറുണ്ട്.