തിരുവനന്തപുരം : സൗദ്യ അറേബ്യയിലെ രണ്ടര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി പ്രവാസി. തിരുവനന്തപുരം വിതുര സ്വദേശിയായ റഷീദാണ് ജയില്‍ മോചിതനായത്. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ ഇടപെടലിനെ തുടര്‍ന്നാണ് റഷീദിന് മോചനം ലഭിച്ചത്. എഡിറ്റോറിയലാണ് ഇക്കാര്യം യൂസഫലിയുടെ ശ്രദ്ധയില്‍പെടുത്തിയത്.
നാല് വര്‍ഷം മുമ്പ് ഡ്രൈവറായാണ് റഷീദ് സൗദിയില്‍ എത്തുന്നത്. തുടര്‍ന്ന് റഷീദിനെ സ്പോണ്സര് തന്റെ സ്പെയര്‍പാട്സ് കടയില്‍ ജോലിയ്ക്ക് വച്ചു. സ്വദേശി വല്‍ക്കരണം ശക്തമായ സമയമായതിനാല്‍ പരിശോധനയ്ക്ക് എത്തിയ പൊലീസ് അടുത്തതവണ വരുമ്പോള്‍ കണ്ടാല്‍ അറസ്റ്റുചെയ്യുമെന്ന് മുന്നറിയിപ്പ് കൊടുത്ത് മടങ്ങി. ഇതുകേട്ട് ഭയന്ന റഷീദ് തൊഴിലിടം വിട്ട് സുഹൃത്തിന്റെയടുത്ത് അഭയം തേടി. പാസ്പോര്‍ട്ട് ഉടമയുടെ കൈവശമായതുകൊണ്ട് തന്നെ ഉടന്‍ നാട്ടിലെത്താന്‍ സാമൂഹ്യ പ്രവര്ത്തകന് ഷാന്‍ റഷീദിന് പറഞ്ഞു കൊടുത്ത ഉപദേശമാണ് റഷീദിന് വിനയായത്.
നാടുകടത്തല്‍ കേന്ദ്രത്തെ സമീപിച്ചാല്‍ ജയിലിലടക്കും തുടര്‍ന്ന് മൂന്ന് ദിവസത്തിനുള്ളില്‍ വീട്ടിലെത്താമെന്നായിരുന്നു ഉപദേശം. എന്നാല്‍ നാലായിരം റിയാല്‍ കൈപറ്റിയ സുഹൃത്തിനെകുറിച്ച് പിന്നീട് വിവിരം ഉണ്ടായില്ല. സുഹൃത്ത് ഉപദേശിച്ചതുപോലെ റഷീദ് ജയിലിലായി. മൂന്ന് ദിവസംകൊണ്ട് പ്രശ്നം തീരുമെന്ന് കരുതിയ ആ ചെറുപ്പക്കാരന് അഴിയെണ്ണിയത് ഇരുപത്തിയെട്ട് മാസമാണ്.
ഇക്കാര്യം യുസഫലിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളെല്ലാം റിയാദ് ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടല്‍ മൂലം പരിഹരിക്കുകയായിരുന്നു. തുടര്‍ന്ന് സൗദി കോടതി റഷീദിനെ ജയില്‍ മോചിതനാക്കി. കഴിഞ്ഞ ശനിയാഴ്ച രാത്രി റിയാദില്‍ നിന്നും മുംബൈ വഴി ഇന്‍ഡിഗോ വിമാനത്തില്‍ റഷീദ് തിരുവനന്തപുരത്തെത്തി. എയര്‍പ്പോര്‍ട്ടില്‍ റഷീദിനെ സഹോദരന് റമീസും മറ്റുബന്ധുക്കളും സ്വീകരിച്ചു. സഹോദരന്റെ മോചനത്തിനായി പരിശ്രമിച്ച എം.എ. യൂസഫലിക്കും ലുലു ഗ്രൂപ്പ് റിയാദ് ഓഫിസിനും റമീസ് നന്ദി പറഞ്ഞു.