പീഡനശ്രമക്കേസിൽ നടൻ ഉണ്ണി മുകുന്ദന് തിരിച്ചടി. കോടതി നേരത്തേ സ്റ്റേ അനുവദിച്ചിരുന്നു. ഇത് തെറ്റായ വിവരം നൽകിയതിനാലാണെന്ന് പരാതിക്കാരി ഹൈക്കോടതിയെ ധരിപ്പിച്ചു. അഡ്വ. സൈബി ജോസ് കിടങ്ങൂർ ആയിരുന്നു ഉണ്ണി മുകുന്ദന് വേണ്ടി കോടതിയിൽ ഹാജരായത്. തുടർന്ന് നടന്റെ സ്റ്റേ നീക്കിയിരുന്നു. എന്നാൽ സൈബി ജോസ് ഇന്ന് കോടതിയിൽ ഹാജരായിരുന്നില്ല. പകരം ജൂനിയർ അഭിഭാഷകയാണ് ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായത്.
അതേസമയം വിഷയം ഗൗരവതരമാണെന്നും ഇക്കാര്യത്തിൽ നടന്റെ അഭിഭാഷകൻ കോടതിയോട് ഉത്തരം പറഞ്ഞേ മതിയാകൂവെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വ്യാജ രേഖ ചമയ്ക്കുക, കോടതിയെ തെറ്റിദ്ധരിപ്പിക്കുക തുടങ്ങിയവയാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നടന് നിർദേശം നൽകിയിട്ടുമുണ്ട്.
പരാതിക്കാരിയുമായി കേസ് ഒത്തുതീർപ്പാക്കിയെന്നാണ് സൈബി ജോസ് കോടതിയിൽ നൽകിയ രേഖകളിൽ പറയുന്നത്. എന്നാൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി. കൂടാതെ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടിട്ടില്ലെന്ന് പരാതിക്കാരി അറിയിച്ചതോടെ സ്റ്റേ നീക്കുകയും ചെയ്തു. ഇടപ്പള്ളിയിലെ വീട്ടിൽ സിനിമയുടെ കഥ പറയാൻ എത്തിയപ്പോൾ ഉണ്ണി മുകുന്ദൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.
എന്നാൽ നടനെതിരെ വ്യാജ പരാതി ഉന്നയിച്ച് പണം തട്ടാനാണ് യുവതി ശ്രമിക്കുന്നതെന്ന് ഉണ്ണി മുകുന്ദൻ ആരോപിച്ചു. കൂടാതെ കേസിൽ കുടുക്കാതിരിക്കണമെങ്കിൽ 25 ക്ഷം രൂപ നൽകണമെന്ന് പറഞ്ഞ് പരാതിക്കാരി ഭീഷണിപ്പെടുത്തിയതായും നടൻ ആരോപിച്ചു. 2017 ഓഗസ്റ്റ് 23ന് നടന്നുവെന്ന് പറയുന്ന ഈ സംഭവത്തിൽ 2017 സെപ്റ്റംബർ 15നാണ് യുവതി പരാതിയുമായി കോടതിയെ സമീപിച്ചത്.