ദുബായിൽ നിയമ വിദഗ്ധർക്ക് കൂടുതൽ അവസരങ്ങൾ ഒരുങ്ങുന്നു. 78 രാജ്യങ്ങളില്‍ നിന്നുളള 2,769 നിയമവിദഗ്ധരാണ് സര്‍ക്കാറിന്റെ നിയമകാര്യ വകുപ്പിൽ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുളളതെന്ന് ലീഗൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. അറബ് ഇതര രാജ്യങ്ങളിൽ നിന്ന് രജിസ്റ്റർ ചെയ്ത നിയമ വിദഗ്ദ്ധോപദേശകരുടെ എണ്ണം 1,583 ആണ്.
ആകെ രജിസ്റ്റർ ചെയ്തിട്ടുള്ള അറബ് ഇതര രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരിൽ 47 ശതമാണം പേര് യുകെയില്നിന്നുളളവരാണ്. 9.5 ശതമാനം പേര് ഇന്ത്യയില്‍ നിന്നും, 6.8 ശതമാനം പേര് ഓസ്ട്രേലിയയില്‍നിന്നും, 5.6 ശതമാനം പേര് യുഎസില്‍ നിന്നും രജിസ്റ്റര്‍ ചെയ്തവരാണ്. കാനഡയില്‍നിന്നും ഫ്രാന്‍സില്‍ നിന്നും നാല് ശതമാനം പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജർമ്മനി, റഷ്യ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, അയർലൻഡ്, ഇറ്റലി, ദക്ഷിണ കൊറിയ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിയമ വിദഗ്ദ്ധരുമുണ്ട്.
ദുബായിലെ സാമ്പത്തിക സ്ഥിതി ഉയർന്നതും വിദേശികളുടെ യുഎഇ നിക്ഷേപം വർധിച്ചതുമാണ് നിയമ വിദഗ്ധര്‍ക്ക് നിരവധി തൊഴിലവസരം ലഭ്യമാകുന്നതിന് കാരണമായത്. ലൈസൻസുള്ള 72 പുതിയ അന്താരാഷ്ട്ര സ്ഥാപനങ്ങളും അഭിഭാഷകവൃത്തിക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാക്കിയെന്ന് ദുബായ് ഗവൺമെന്റ് ലീഗൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ഡോ. ലോവായ് മുഹമ്മദ് ബെൽഹൂൾ പറഞ്ഞു.
രജിസ്ട്രേഷൻ, ലൈസൻസ് എന്നിവ എളുപ്പമാക്കുന്നതിന് വകുപ്പ് സ്വീകരിച്ച നടപടികൾ പ്രൊഫഷണൽ നിയമ മേഖലയ്ക്ക് ഒരു പ്രചോദനം നല്‍കിയെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. മികച്ച അന്താരാഷ്ട്ര സ്ഥാപനങ്ങളെ ആകർഷിക്കാൻ വ്യക്തമായ പദ്ധതികളും ലക്ഷ്യങ്ങളുമായാണ് ലീഗല്‍ അഫയേഴ്സ് വകുപ്പ് പ്രവർത്തിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.