എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയിലുള്ളവർക്കും ഖത്തർ ലോകകപ്പില്‍ പങ്കെടുക്കാമെന്ന് ഖത്തര്‍ ഊര്‍ജ മന്ത്രി സാദ് ഷെരീദ അല്‍-കാബി. എന്നാല്‍ പാശ്ചാത്യ രാജ്യക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഖത്തറികള്‍ എന്ത് വിശ്വസിക്കണമെന്ന് തീരുമാനിക്കുന്നത് പാശ്ചാത്യ രാജ്യങ്ങള്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍ജിബിടിക്യു വിരുദ്ധ നിയമങ്ങള്‍ ഉള്ളതിനാൽ ഈ വിഭാഗക്കാരെ അംഗീകരിക്കാൻ ഖത്തർ തയ്യാറാവില്ലെന്നും അവർ സുരക്ഷിതരല്ലെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. പാശ്ചാത്യ രാജ്യങ്ങൾ ഉന്നയിച്ച ഈ വിമർശനങ്ങൾക്കുള്ള മറുപടിയാണ് മന്ത്രിയുടെ പ്രസ്താവന.
‘അവര്‍ ഖത്തര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞങ്ങള്‍ക്ക് അതില്‍ പ്രശ്നമില്ല,’ എന്നാല്‍, ഞങ്ങള്‍ എന്തു വിശ്വസിക്കണമെന്ന് പറയാന്‍ അവര്‍ക്ക് അവകാശമില്ല.’ അല്‍-കഅബി പറഞ്ഞു. ജര്‍മ്മനിയിലെ ബില്‍ഡ് പത്രത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.