ചൈനയിലെ ഒരു വയസ്സുള്ള കുട്ടിയുടെ തലച്ചോറിൽ മറ്റൊരു കുട്ടിയുടെ ഭ്രൂണം കണ്ടെത്തി. തല വലുതാവുന്നു എന്ന പ്രശ്നം കാണിച്ചാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കുട്ടിയുടെ തലച്ചോറിൽ നിന്ന് ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണവും ഇത് വികസിച്ചതായും ഷാങ്ഹായിലെ ഡോക്ടർമാർ കണ്ടെത്തി.
ഇൻട്രാവെൻട്രിക്കുലാർ ഫെറ്റസ്-ഇൻ-ഫീറ്റൂ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഡയംനിയോട്ടിക് ഇരട്ട എന്നും ഇത് അറിയപ്പെടുന്നു. ഗർഭാശയത്തിൽ ഇരട്ടകൾ കൂടിച്ചേരുമ്പോഴാണ് ഫെറ്റസ്-ഇൻ-ഫീറ്റു സംഭവിക്കുക. എന്നാൽ ഒരാൾ മാത്രമേ വികസിക്കുകയുള്ളുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ജീനോം സീക്വൻസിംഗ് പരിശോധന നടത്തിയതിന് ശേഷമാണ് ഭ്രൂണം കുട്ടിയുടെ ഇരട്ടയാണെന്ന് കണ്ടെത്തിയതെന്നും പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇരട്ട ഗർഭാവസ്ഥയുടെ ആദ്യ ഘട്ടങ്ങളിൽ ബീജസങ്കലനം ചെയ്ത കോശങ്ങളെ വിഭജിക്കുന്ന ക്ലസ്റ്റർ പ്രക്രിയ ശരിയായി വേർതിരിക്കുന്നതിൽ പരാജയപ്പെടുമ്പോഴാണ് ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നത്. ഇത് രണ്ടാമത്തെ ഭ്രൂണം വികസിപ്പിക്കുന്നത് പരാജയപ്പെടുത്തും. എന്നാൽ രക്ത വിതരണം നടക്കുന്നതിനാൽ ഭ്രൂണത്തിന് നാശം സംഭവിക്കാറില്ല.
1997-ൽ സമാനമായ രീതിയിൽ ഈജിപ്തിലെ കൗമാരക്കാരനായ ഒരു ആൺകുട്ടിയുടെ വയറിനകത്ത് ഭ്രൂണം കണ്ടെത്തിയിരുന്നു. 16 വർഷത്തോളം ഇത് കുട്ടിയുടെ വയറ്റിൽ ജീവിച്ചു. അതേസമയം കഴിഞ്ഞ നവംബറിൽ ജാർഖണ്ഡിലെ റാഞ്ചിയിലും 21 ദിവസം പ്രായമായ പെൺകുഞ്ഞിന്റെ വയറ്റിൽ നിന്ന് എട്ട് ഭ്രൂണങ്ങൾ പുറത്തെടുത്തിരുന്നു.